KeralaNEWS

മഞ്ഞ് വേഗം ശമിച്ചു, ഇനി കാറ്റും വീശില്ല; കേരളത്തെ കാത്തിരിക്കുന്നത് ഇതുവരെ കാണാത്ത കൊടുംവേനല്‍

തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാട് എരിമയൂരില്‍ രേഖപ്പെടുത്തിയ 40 ഡിഗ്രി സെല്‍ഷ്യസ് വേനല്‍ച്ചൂട്, വരും ദിവസങ്ങളില്‍ തൃശൂരിലും അനുഭവപ്പെട്ടേക്കുമെന്ന് വിദഗ്ദ്ധര്‍. ഇപ്പോള്‍ അനുഭവപ്പെടുന്ന കാറ്റ് അടുത്തയാഴ്ചയോടെ ഇല്ലാതാകുകയും രാവിലെ അനുഭവപ്പെടാറുളള മഞ്ഞ് തീരെ കുറയുകയും ചെയ്യുന്നതോടെയാണിത്.

ഏതാനും വര്‍ഷങ്ങളായി വേനല്‍ നേരത്തെ എത്തുന്നുണ്ട്. പെട്ടെന്ന് കാലാവസ്ഥാമാറ്റവും സംഭവിക്കുന്നുണ്ട്. അതിനാല്‍ ചൂട് പെട്ടെന്ന് ഉയരാനിടയാകും. തീരപ്രദേശങ്ങളില്‍ ഹ്യുമിഡിറ്റി കൂടുന്നുമുണ്ട്. ശരീരത്തിന്റെ വിയര്‍പ്പ് ബാഷ്പീകരിച്ച് പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുകയും 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമ്പോള്‍ തന്നെ 40 ഡിഗ്രിയുടെ ചൂട് അനുഭവപ്പെടുകയും ചെയ്യും. 2020ല്‍ 40 ഡിഗ്രിയായിരുന്നു വെളളാനിക്കരയില്‍ ഏപ്രിലില്‍ അനുഭവപ്പെട്ടത്. ഈയാണ്ടില്‍ അത് ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാമെന്നാണ് കാലാവസ്ഥാഗവേഷകരുടെ നിഗമനം. കഴിഞ്ഞ വര്‍ഷം പ്രാദേശികമായി കഴിഞ്ഞദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു.

Signature-ad

കഴിഞ്ഞ രണ്ടുമാസങ്ങളിലായി മുന്‍കാലങ്ങളേക്കാള്‍ വ്യാപകമായി കാറ്റുവീശി. പാലക്കാട് ചുരം കടന്നെത്തുന്ന വരണ്ട കാറ്റില്‍ ജലക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങളില്‍ വെള്ളം കുറഞ്ഞു. ഡാമുകളിലെ ജലനിരപ്പും പെട്ടെന്ന് താഴ്ന്നു. ഇനി കാറ്റില്ലാതാകുകയും പെട്ടെന്ന് ശരീരതാപനില ഉയരുകയും ചെയ്യുന്നത് സൂര്യാഘാതവും ഹൃദ്രോഗങ്ങളും ശ്വാസസംബന്ധിയായ രോഗങ്ങളും പ്രമേഹപ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമാകും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറ്റവും ബാധിക്കാന്‍ സാദ്ധ്യതയുള്ള രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ കേരളമുണ്ടായിരുന്നു.

ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതിനാല്‍ തീപിടിത്തങ്ങളും കൂടി. നഗരത്തില്‍ തന്നെ രണ്ടുതവണയാണ് ആക്രി സാമഗ്രികള്‍ക്ക് തീപിടിച്ചത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും നടപ്പാവുന്നില്ല. തോട്ടങ്ങളില്‍ തീപിടിക്കാന്‍ സാദ്ധ്യത കൂടിയതിനാല്‍ കര്‍ഷകരുടെ ഉള്ളിലും തീയാണ്. തോട്ടങ്ങളിലെ മരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു. കരിഞ്ഞുണങ്ങിയ ഇലകള്‍ കൂടിക്കിടക്കുന്ന ഇടത്ത് ഒരു തീപ്പൊരി മതി എല്ലാം വെന്തു വെണ്ണീറാകാന്‍.

വേനല്‍ചൂടില്‍ പാല്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ക്ഷീര സംഘങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പുല്ലിന്റെയും വയ്‌ക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവര്‍ദ്ധനയും മൂലം ക്ഷീരമേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നുമുണ്ട്.

 

Back to top button
error: