KeralaNEWS

കൊല്ലത്തു പ്രേമചന്ദ്രന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം: കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍എസ്പിക്ക് തന്നെ നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം ആര്‍എസ്പി നടത്തും.

കഴിഞ്ഞ രണ്ടു തവണയായി കൊല്ലം യുഡിഎഫിനായി നിലനിര്‍ത്തുന്ന ആര്‍എസ്പിക്കും എന്‍.കെ.പ്രേമചന്ദ്രനും സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്ആര്‍എസ്പി ചര്‍ച്ചകളില്‍ ഏറെ ആലോചന വേണ്ടിവന്നില്ല. രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോള്‍ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രന്‍ അല്ലാതെ മറ്റാര്‍ക്കാണ് സീറ്റ് എന്നും ചര്‍ച്ചകള്‍ക്കു ശേഷം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചു. ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. എന്നാല്‍, യുഡിഎഫിലെ എല്ലാ കക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ സീറ്റ് ആര്‍എസ്പിക്ക് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ആ സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവച്ചു.

Signature-ad

വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസിനായി ചര്‍ച്ചകളില്‍ പങ്കെടുത്തു. ഷിബുവും പ്രേമചന്ദ്രനും കൂടാതെ എ.എ.അസീസും ബാബു ദിവാകരനും ആര്‍എസ്പിയെ പ്രതിനിധീകരിച്ചു. കേരള കോണ്‍ഗ്രസുമായും (ജേക്കബ്) ഉഭയകക്ഷി ചര്‍ച്ച നടത്തി. ലോക്‌സഭാ സീറ്റ് അവകാശവാദം അവര്‍ ഉന്നയിച്ചില്ല. ജില്ലാ യുഡിഎഫ് ഘടകങ്ങളുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തി.

അതേസമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര്‍ എംപി. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം വ്യത്യസ്തമാകാന്‍ ഇടയില്ലെന്നു കരുതുന്നു. മത്സരിക്കാനുള്ള തയാറെടുപ്പുകള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, പ്രഖ്യാപനം വരുന്നതിനു മുന്‍പേ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനാകില്ല -തരൂര്‍ പറഞ്ഞു.

 

 

 

Back to top button
error: