തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ കെട്ടിയിട്ട് തീയിട്ട് കൊന്ന ആനപ്പാറ കാറ്റാടി എലിവാലന്‍കോണം സ്വദേശി മോസസ് ബിബിന്‍ ലഹരിക്കടിമയാണെന്നും സ്ഥിരം പ്രശ്നക്കാരനാണെന്നും ബന്ധുക്കളും നാട്ടുകാരും. രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കല്ലറ മദ്യലഹരിയില്‍ ഇയാള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഇടയ്ക്ക് പീഡനക്കേസില്‍ ജയില്‍വാസത്തിനുശേഷം കൊല്ലം പാരിപ്പള്ളിയില്‍ ഇയാള്‍ ടാപ്പിങ് പണിക്ക് പോയി. കുറെ മാസങ്ങള്‍ക്കുശേഷം അവിടെയും പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുമെല്ലാം ഇയാള്‍ പലപ്പോഴായി നശിപ്പിച്ചിരുന്നു.
ജനാലയില്‍നിന്ന് പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വില്‍ക്കും. വിറ്റുകിട്ടുന്ന തുകയ്ക്ക് ഇയാള്‍ മദ്യപിച്ചിരുന്നതായും പരിസരവാസികള്‍ പറയുന്നു. ഇടയ്ക്കിടെ അമ്മ നളിനിയെ ബിബിന്‍ മര്‍ദിക്കാറുണ്ടെന്നും നിലവിളികേട്ട് അവിടെ എത്തുന്നവരെ അയാള്‍ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.