CrimeNEWS

വീട്ടുകാരെ ബോധം കെടുത്തി കവര്‍ച്ച: പ്രതിയായ നേപ്പാള്‍ സ്വദേശിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: വര്‍ക്കല ഹരിഹരപുരത്ത് വീട്ടുകാരെ ബോധം കെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.മോഷണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച നേപ്പാള്‍ അജാന്‍ ജില്ലയില്‍ കൈവേലി ഗ്രാമത്തില്‍ റാംകുമാര്‍ (48) ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടി നല്‍കിയപ്പോഴോ, പോലീസ് കസ്റ്റഡിയിലോ പ്രതിക്ക് മര്‍ദനമേറ്റിരുന്നോയെന്ന് അന്വേഷിക്കും. മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. റാംകുമാറിന്റെ ശരീരത്തില്‍ പരിക്കുകളോ മുറിവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.

ചൊവ്വാഴ്ച രാത്രി ഹരിഹരപുരത്ത് വീട്ടുകാര്‍ക്ക് ആഹാരത്തില്‍ ലഹരിപദാര്‍ഥം നല്‍കി ബോധംകെടുത്തി കവര്‍ച്ചനടത്തിയ കേസിലാണ് റാംകുമാര്‍ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് റാംകുമാറിനെ വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

Signature-ad

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. വര്‍ക്കല തഹസില്‍ദാര്‍ അജിത് ജോയി, അഡീഷണല്‍ എസ്.പി. ആര്‍.പ്രതാപന്‍നായര്‍, വര്‍ക്കല എ.എസ്.പി. ദീപക് തന്‍ഗര്‍ എന്നിവരുമുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. റാംകുമാറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: