കാസർകോട് താളിപ്പെടുപ്പ് മൈതാനത്ത് വൈകിട്ട് മൂന്നിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. രാവിലെ മധുർ ക്ഷേത്രദർശനത്തോടെ കെ. സുരേന്ദ്രന്റെ കാസർകോട് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും.
29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നുപോകും.ഫെബ്രുവരി 3,5,6,7 തീയതികളില്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാകും പര്യടനം.
കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 9,10,12 തീയതികളില്‍ യാത്ര നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദായത്ര നടക്കും. 19,20,21 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളില്‍ പര്യടനം നടത്തും.
പൊന്നാനിയില്‍ 23നും എറണാകുളത്ത് 24നും തൃശ്ശൂരില്‍ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.ഓരോ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പദയാത്ര ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും സംഘടിപ്പിക്കും. ഓരോ പാർലമെന്റ് മണ്ഡലത്തിലും 25,000ത്തോളം പേർ നടക്കുന്ന യാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരും ഉണ്ടാകും.
കേന്ദ്രസർക്കാരിന്റെ വികസനജനക്ഷേമ പദ്ധതികളില്‍ അംഗമാവാനുള്ള അവസരം കേരള പദയാത്രയില്‍ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്ക്കുകളുണ്ടാവും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും പദയാത്രയില്‍ പ്രദർശിപ്പിക്കും. എൻഡിഎയുടെ വികസന രേഖയും പദയാത്രയില്‍ പ്രകാശിപ്പിക്കും.