KeralaNEWS

ആർ. ജയചന്ദ്രന്  ഭരണപരമായ മികവിനുള്ള എക്സൈസ് വകുപ്പിൻ്റെ ‘ബാഡ്ജ് ഓഫ് എക്സലൻസ്’ അവാർഡ് 

    തൃശൂർ: എക്സൈസ് വകുപ്പ്  ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ഭരണപരമായ മികവിന് നൽകുന്ന 2022-’23 വർഷത്തെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്. തൃശ്ശൂർ എക്സൈസ് അക്കാദമിയിൽ  നടന്ന പ്രത്യേക ചടങ്ങിൽ എക്‌സൈസ് മന്ത്രി എം. ബി രാജേഷ് അവാർഡ്  സമ്മാനിച്ചു.

സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അഭിവാദ്യം സ്വീകരിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Signature-ad

വിശിഷ്ട സേവനത്തിനുള്ള  ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ്  നേടിയ ആര്‍. ജയചന്ദ്രന്‍ എക്സൈസ് വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി കോട്ടയത്ത് ജോലി ചെയ്യുന്നു. 1998ൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ ഔദ്യോഗിക മികവിന് 2014, 2020 വര്‍ഷങ്ങളിലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
എക്സൈസ് ആസ്ഥാനത്ത് ജോലി ചെയ്ത കാലയളവിലെ നിയമപരമായ കാര്യങ്ങളിൽ പുലർത്തിയ അവധാനതയും ജാഗ്രതയും അഡ്വക്കറ്റ് ജനറലിന്റെ പ്രത്യേക പരാമർശങ്ങൾ നേടി. സ്തുത്യർഹ സേവനത്തിന് എക്സൈസ് കമ്മീഷണറുടെ ഉൾപ്പെടെ നിരവധി അഭിനന്ദന കത്തുകളും ലഭിച്ചിട്ടുണ്ട്.

ആര്‍. ജയചന്ദ്രന്‍ രചിച്ച ‘മയക്കുമരുന്ന് നിരോധന നിയമം-  പ്രായോഗിക നടപടി ക്രമങ്ങള്‍’ എന്ന പുസ്തകം  നിയമവിജ്ഞാന രംഗത്തെ ഏറ്റവും ആധികാരിക ഗ്രന്ഥമായി വിലയിരുത്തപ്പെടുന്നു. നിയമത്തിൽ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോയ്മയും നേടിയ  ജയചന്ദ്രന്‍ മാനേജ്മെൻ്റ് കൗൺസിലിംഗ് മേഖലയിൽ ബിരുദാനന്തര ബിരുദധാരിയാണ്.

വിവിധ കോടതികളുടെ ഉത്തരവുകൾ എക്സൈസ് നിയമങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘എക്സൈസ് ഡൈജസ്റ്റ്’ എഡിറ്റർമാരിൽ ഒരാളായും പ്രവർത്തിച്ചുവരുന്നു. അക്കാദമിക് രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം എക്സൈസ് അക്കാദമി ഫാക്കൽറ്റി കൂടിയാണ്. ഇത് കൂടാതെ മദ്യവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ഇദ്ദേഹം നിരവധി മ്യൂസിക് ആൽബങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഭാഗഭക്കായിട്ടുണ്ട്.

നിലവിൽ മറ്റു സംസ്ഥാനങ്ങളിലെ അബ്കാരി നയങ്ങൾ, ചട്ടങ്ങൾ, വിദേശമദ്യ വ്യവസായം എന്നിവ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിലേക്ക് ഗവൺമെന്റ് രൂപീകരിച്ച കമ്മറ്റി തലവനും വിദേശ മദ്യ യൂണിറ്റുകൾ നേരിടുന്ന പ്രതിസന്ധികൾ പഠനവിധേയമാക്കി റിപ്പോർട്ട് നൽകുന്നതിനായി കെ.എസ്.ഐ.ഡി.സി  എം.ഡിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയിലെ അംഗവുമാണ്.

കോട്ടയം ജില്ലയിലെ ആറുമാനുൽ സ്വദേശിയായ ആര്‍. ജയചന്ദ്രന്‍ അധ്യാപക ദമ്പതികളായ എ. എൻ. രാമചന്ദ്രൻ നായരുടെയും പരേതയായ എം.കെ തങ്കമണിയമ്മയുടെയും പുത്രനാണ്. ഭാര്യ സിന്ധു എസ് ഏറ്റുമാനൂർ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ അധ്യാപികയാണ്.

Back to top button
error: