CrimeNEWS

തുണിക്കടകളില്‍ മോഷണംനടത്തി വനിതാ എം.പി; പിന്നാലെ രാജി, പോലീസ് കേസും

വെല്ലിങ്ടണ്‍: തുണിക്കടകളില്‍ മോഷണം നടത്തിയ ന്യൂസീലന്‍ഡിലെ മുന്‍ വനിതാ എം.പിക്കെതിരേ പോലീസ് കേസെടുത്തു. ന്യൂസീലന്‍ഡ് ഗ്രീന്‍ പാര്‍ട്ടിയുടെ വക്താവും മുന്‍ എം.പിയുമായ ഗ്ലോറിസ് ഗഹ്റമാനെ(43)തിരെയാണ് മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. മോഷണം സംബന്ധിച്ച ആരോപണത്തിന് പിന്നാലെ ഗ്ലോറിസ് എം.പി. സ്ഥാനം രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഫെബ്രുവരി ഒന്നാം തീയതി ഓക്ലന്‍ഡിലെ ജില്ലാ കോടതിയില്‍ ഹാജരാക്കും.

ഗ്രീന്‍പാര്‍ട്ടി എം.പി.യായ ഗ്ലോറിസ് മൂന്നുതവണ വസ്ത്രശാലകളില്‍ മോഷണം നടത്തിയെന്നായിരുന്നു ആരോപണം. ഓക്ലന്‍ഡിലെയും വെല്ലിങ്ടണിലെയും വസ്ത്രശാലകളിലാണ് എം.പി. മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗ്ലോറിസ് എം.പി. സ്ഥാനം രാജിവെച്ചത്.

Signature-ad

ജോലിസംബന്ധമായ സമ്മര്‍ദം തന്നെ ഏറെ ബാധിച്ചെന്നായിരുന്നു രാജിപ്രഖ്യാപനത്തിനൊപ്പം ഗ്ലോറിസ് വെളിപ്പെടുത്തിയത്. ഗ്ലോറിസ് മുന്‍ യു.എന്‍. അഭിഭാഷക കൂടിയാണ്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇറാനില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് അഭയംതേടിയെത്തിയ ഗ്ലോറിസ്, ന്യൂസീലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഭയാര്‍ഥിയെന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

Back to top button
error: