എറണാകുളത്തുകാരൻ മൈക്കിള്‍ ആൻഡ്രൂസും തൃശ്ശൂരുകാരൻ ജിജി ജോർജും ചാവക്കാട്ടുകാരൻ ഷെർവിൻ ഷെരീഫും.മൈക്കിള്‍ ആൻഡ്രൂസ് ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ഓഫീസറാണെങ്കില്‍ ഷെർവിൻ ടീം ഡോക്ടറും ജിജി ഫിസിയോയുമാണ്.
ഫിഫ റഫറിയായി 40-ലേറെ അന്താരാഷ്ട്ര മത്സരങ്ങളും അഞ്ഞൂറിലേറെ ആഭ്യന്തര മത്സരങ്ങളും നിയന്ത്രിച്ച മൈക്കിള്‍ സെക്യൂരിറ്റി ഓഫീസറായും തിരക്കിലാണ്. വനിതാ ഏഷ്യൻ കപ്പിലും അണ്ടർ-17 ഫിഫ വനിതാ ലോകകപ്പിലും ടീം ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസറായിരുന്നു.യാത്രകളിലും പരിശീലനവേദിയിലും കളിക്കിടയിലും ഇന്ത്യൻ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് ജോലി. അവർ സഞ്ചരിക്കുന്ന റൂട്ടുകളും പരിപാടികളുമൊക്കെ കൃത്യമായി മനസ്സിലാക്കി ആസൂത്രണം ചെയ്ത് വേണം ടീമിനെ അയക്കാൻ.
20 വർഷമായി കേരള ഫുട്ബോള്‍ റഫറീസ് അസോസിയേഷൻ സെക്രട്ടറികൂടിയാണ് മൈക്കിള്‍. ഗവ. ഡോക്ടറായി കോഴിക്കോട്ട് ജോലിചെയ്യുന്ന ഷെർവിൻ എം.ബി.ബി.എസിനുശേഷം എൻ.ഐ.എസ്. പട്യാലയില്‍നിന്ന് സ്പോർട്സ് മെഡിസിനില്‍ പി.ജി. നേടി. ഫിഫയുടെ ഫുട്ബോള്‍ മെഡിസിൻ ഡിപ്ലോമയും നേടി.
കഴിഞ്ഞ ഏഷ്യൻ കപ്പിലും ഏഷ്യൻ ഗെയിംസിലും ടീം ഇന്ത്യയുടെ ഡോക്ടറായിരുന്നു.കളിക്കാരെ ഫിറ്റായി നിലനിർത്തലാണ് ജോലി. എല്ലാ ദിവസവും അവരുടെ ഇഞ്ചുറി, ഹെല്‍ത്ത് സ്റ്റാറ്റസ് പരിശോധിക്കും.മസിലുകളുടെ റേഞ്ചും ശക്തിയും പരിശോധിച്ച് ദിവസേന കോച്ചിന് റിപ്പോർട്ട് നല്‍കണം. അതനുസരിച്ചാണ് കോച്ച് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. – ഷെർവിൻ പറഞ്ഞു.
തൃശ്ശൂർ എലൈറ്റ് ആശുപത്രിയില്‍ ചീഫ് ഫിസിയോ തെറാപ്പിസ്റ്റായ ജിജി 2004-ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനൊപ്പമാണ് ഫുട്ബോളിലേക്ക് വരുന്നത്. 2011-ലെ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടില്‍ പാകിസ്താനെതിരായ മത്സരത്തിലൂടെ ഇന്ത്യയുടെ ഫിസിയോ ആയി.