തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്കുമാറിന്റെ കണ്ടെത്തല്‍. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തെ സംസ്ഥാനത്തെ ആദ്യ ഹരിതനഗരമാക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായി. 110 ഇ-ബസുകളാണ് ഇപ്പോള്‍ ഓടുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും.
വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്നുമാസം മുന്‍പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വരവ് 46 രൂപയെന്നും അവകാശപ്പെടുന്നു. എന്നാല്‍, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങാമെന്നാണ് ഗണേഷിന്റെ വാദം. വരുമാനത്തിന്റെ പകുതിയും ചെലവാകുന്നത് ഡീസലിനാണെന്നും ഡീസല്‍ ബസുകളുടെ എണ്ണം കൂട്ടിയാല്‍ ചെലവ് കൂടുമെന്നുമാണ് മറുവാദം.
തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ്കുമാര് അറിയിച്ചിരുന്നു. മുന്‍മന്ത്രി ആന്റണിരാജുവും, കെ.എസ്.ആര്.ടി.സി. മാനേജ്മെന്റും ഈ പദ്ധതി ലാഭമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.
സിറ്റി സര്‍ക്കുലര്‍ ഇ-ബസ് പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്ന പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് വരുന്നത്. ഇപ്പോള്‍ വാങ്ങിയിട്ടുള്ള ഇലക്ട്രിക് ബസുകള്‍ എത്രനാള്‍ ഓടുമെന്ന് ഉണ്ടാക്കിയവര്‍ക്ക് പോലും അറിയില്ലെന്നും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും ഉറപ്പുനല്‍കാന്‍ സാധിക്കുമോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.