ഒരു മതവിഭാഗത്തിന്റെ ടെലിസീരിയൽ ദൂരദർശനിലൂടെ സംപ്രഷണം ചെയ്യുന്നതിനോട് ചിലരെങ്കിലും എതിർപ്പുകളായി വന്നെങ്കിലും രാജീവ് ഗാന്ധിയുടെ ലക്ഷ്യം തുടർഭരണമായിരുന്നു.
രാമായണം ടെലിസീരിയൽ ദൂരദർശനിലൂടെ സംപ്രേഷണം ആരംഭിച്ച 1987-88 കാലത്ത് അതിനെ രാഷ്ട്രീയമായി കൂടുതൽ ഉപയോഗിച്ചതും കോൺഗ്രസാണ്.
ദൂരദർശനിലൂടെ സീരിയൽ ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പാണ് ബാബരി മസ്ജിദ് ഹിന്ദുത്വർക്ക് വേണ്ടി രാജീവ് ഗാന്ധി തുറന്നുകൊടുത്തത്.
രാമായണം സീരിയൽ കാലത്തെ കുറിച്ച് ബി.ബി.സി കറസ്പോണ്ടന്റ് സൗതിക് ബിശ്വാസ് ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.
” ഞായറാഴ്ച്ച രാവിലെ രാമായണ പരമ്പര ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ നിശ്ചലമായിരുന്നു. തെരുവുകളില്‍ ആരും ഉണ്ടാകില്ല. കടകളെല്ലാം അടഞ്ഞു കിടക്കും. ആളുകള്‍ കുളിച്ച് കുറി തൊട്ട് ടിവി സെറ്റുകള്‍ അലങ്കരിച്ച് രാമായണ പരമ്പരയ്ക്കായി കാത്തിരിക്കും.”
അത്രയേറെ വൈകാരികമായി ആളുകളിലേക്ക് ആ സീരിയൽ കടന്നിരുന്നു. ആ വൈകാരികത തന്നെയാണ് രാജീവ് ഗാന്ധിയുടെയും ആവശ്യം.
രാമനായി അഭിനയിച്ച അരുൺ ഗോവിലിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കൂട്ടി ഹൈന്ദവ ബോധത്തെ രാഷ്ട്രീയമായി രാജീവ് ഗാന്ധി ഉപയോഗിച്ചു.
രാജീവ് ഗാന്ധി രാമനായി അഭിനയിച്ച നടനെ കൂടെ കൂട്ടിയപ്പോൾ ബിജെപി ദൈവത്തെ തന്നെ ഒപ്പം കൂട്ടി.
ഗുജ്റാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നാണ് രഥയാത്ര ആരംഭിക്കുന്നത്. ഹിന്ദു ബെൽട്ടിലൂടെ കടന്നുപോയി മുപ്പത്തിയഞ്ച് ദിവസം കൊണ്ട് അയോദ്ധ്യയിൽ യാത്രയിൽ അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം.
യാത്ര തുടങ്ങിയത് മുതൽ യാത്ര കടന്നുപോയ വഴികളിലെല്ലാം ഹിന്ദുത്വ തീവ്രവാദികൾ കലാപങ്ങൾ അഴിച്ചുവിട്ടു. മുസ്ലീങ്ങളെയും മുസ്ലീം ആരാധനായലങ്ങളെയും അവർ അക്രമിച്ചു. ഒരുമാസം കൊണ്ട് മാത്രം അറനൂറോളം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ആയിരങ്ങൾക്ക് പരിക്കേറ്റു. അതിലേറെ നാശനാഷ്ടങ്ങളുണ്ടായി.
നൂറ് കണക്കിന് ആളുകളെ വധിച്ച് വർഗീയ വിദ്വേഷ പ്രസംഗം നടത്തി ഗുജ്റാത്ത്, മഹാരാഷ്ട്ര, ആന്ദ്ര പ്രദേശ് , മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോയെങ്കിലും എവിടെയും തടഞ്ഞില്ല. നാലിൽ മൂന്ന് സംസ്ഥാനവും ഭരിച്ചതും കോൺഗ്രസാണ്.
ബിഹാറിലേക്ക് യാത്ര കടന്നതോടെ ജനതാദള്ളിന്റെ പ്രധാന മന്ത്രി വിപി സിങ് യാത്ര തടയാനും അധ്വാനിയെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെട്ടു.
യാത്ര അയോദ്ധ്യയിൽ എത്തുന്നതിന് ഏഴ് ദിവസം മുമ്പ് ബിഹാറിലെ സമസ്തപുരിയിൽ വെച്ച് ലാലു പ്രസാദ് യാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രഥയാത്രയെ എതിർത്തത് കൊണ്ട് മാത്രം വിപി സിങ്ങിന് പ്രധാന മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.ബിജെപി അധികാരത്തിൽ വന്ന ഓരോ തവണയും ലാലു പ്രസാദ് ജയിലിലടക്കപ്പെട്ടു. അങ്ങനെ നാല് വർഷം ജയിലിൽ കിടന്നു.
രാഷ്ട്രീയമായി നിരന്തരം ബിജെപി ലാലുപ്രസാദിനെ വേട്ടയാടിയിട്ടും ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ചടങ്ങിലേക്ക് ക്ഷണം വന്നപ്പോൾ നോ പറയാൻ അയാൾക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല.
നാല് വോട്ടിന് വേണ്ടി ഹിന്ദുത്വ പ്രീണനം നടത്തിയ രാജീവ് ഗാന്ധിയും മതത്തിനപ്പുറം മതേതരത്വത്തിന് വേണ്ടി നിലകൊണ്ട ലാലുപ്രസാദ് യാദവിനെയും വിപി സിങിനെയും ബാബരിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.
പറയുമ്പോൾ എല്ലാം പറയണമല്ലോ..!
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്ന ഒരു നിരാകരണത്തില്മാത്രം കോൺഗ്രസിന് ഇതിന്റെ പാപഭാരം കഴുകിക്കളയാൻ സാധിക്കില്ല.ക്ഷണം കിട്ടി രണ്ടാഴ്ചയോളം എടുത്തു മറുപടി നല്കാൻ എന്നതുതന്നെ വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കോൺഗ്രസ് വ്യക്തമാക്കുന്നു.
ബാബരി പള്ളിയില്‍ ബലംപ്രയോഗിച്ച് വിഗ്രഹം പ്രതിഷ്ഠിച്ച സംഭവത്തെ മതേതര രാജ്യത്തെ മതകേന്ദ്രീകൃതമായ ഇടപെടലായും ഭരണഘടനാവിരുദ്ധമായ നീക്കമായും അന്ന് കോണ്‍ഗ്രസ് കണ്ടിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ അവസ്ഥയില്‍ എത്തില്ലായിരുന്നു. ശക്തമായ നിലപാട് ഈ വിഷയത്തില്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, മൃദു ഹിന്ദുത്വം എന്ന പേരില്‍ തീവ്രഹിന്ദുത്വ പക്ഷത്ത് ചേർന്നു നില്‍ക്കുകയായിരുന്നു പല കോണ്‍ഗ്രസ് നേതാക്കളും.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് അയോധ്യയിലേക്ക് 11 വെള്ളി ഇഷ്ടിക അയച്ചുകൊടുത്തത് ഇവിടെ ഓർക്കേണ്ടതുണ്ട്.ജനാധിപത്യത്തിനും അതിനെ നിലനിർത്തുന്ന ഭരണഘടനക്കുമാണ് മുഖ്യ സ്ഥാനം എന്നതുപോലും ലംഘിക്കപ്പെട്ടു. അതിന്റെ ഏറ്റവും നല്ല തെളിവ് മസ്ജിദ് തകർത്ത കാലത്ത് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ നിലപാടുതന്നെയായിരുന്നു.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കുന്നതിനു വേണ്ടിയുള്ള മൗനാനുവാദം നരസിംഹ റാവുവില്‍നിന്നു ഉണ്ടായി എന്ന ആരോപണത്തെ കോണ്‍ഗ്രസിന് ഇന്നെന്നല്ല ഒരുകാലത്തും പ്രതിരോധിക്കാൻ കഴിയില്ല. അന്ന് നിലവിലിരുന്ന ഭരണഘടനയെയും നിയമ സംവിധാനത്തെയും ഉപയോഗിച്ചുകൊണ്ട് കർസേവകരെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല എന്ന ചോദ്യം എക്കാലത്തും കോൺഗ്രസിനെ വേട്ടയാടും..
©️ : ജംഷീദ് പള്ളിപ്രം