IndiaNEWS

തികച്ചും സാധാരണ ഭക്തനെപ്പോലെ ക്ഷേത്ര ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുരുവായൂർ: നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ്‌ ഗോപിയുടെ മകളുടെ വിവാഹത്തിനായാണ് എത്തിയതെങ്കിലും തികച്ചും സാധാരണ ഭക്തനെപ്പോലെ ക്ഷേത്ര ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിന് വ്രതംനോറ്റ ഭക്തന്റെ മനസ്സോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരിലെയും തൃപ്രയാറിലെയും ക്ഷേത്രദര്‍ശനങ്ങള്‍.

Signature-ad

 കൊച്ചിയില്‍നിന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡില്‍  ഇറങ്ങിയ അദ്ദേഹം നേരെ ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കാണെത്തിയത്.പിന്നീട് ശ്രീലകത്തേക്ക്.അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ഹനുമദ്‌സമേതനായ ശ്രീരാമന്റെ സങ്കല്പത്തിലാണ് ഭഗവാനെ അവിടെ ഒരുക്കിയിരുന്നത്. വിശേഷാല്‍ തയ്യാറാക്കിയ ഗീര്‍ പശുവിന്റെ നെയ്യും താമരയും കാണിക്കയും സമര്‍പ്പിച്ച്‌ കണ്ണനെ വണങ്ങി. ദര്‍ശനം പൂര്‍ത്തിയാക്കി ഉപദേവന്മാരെയും തൊഴുതിറങ്ങുമ്ബോള്‍ 17 മിനിറ്റ്‌ കഴിഞ്ഞു.

പുറത്തിറങ്ങി ദീപസ്തംഭത്തിനു മുൻപിലെത്തിയപ്പോഴാണ് ഇ-കാണിക്കയ്ക്കായുള്ള ക്യൂ.ആര്‍.കോഡു കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥനില്‍നിന്ന്‌ ഫോണ്‍ വാങ്ങി സ്കാൻചെയ്ത് കാണിക്കയര്‍പ്പിച്ചു.തുടര്‍ന്ന് വിവാഹത്തിനുള്ള വേഷം ധരിക്കാനായി മടക്കം. തിരിച്ചുവന്ന് വധൂവരന്മാരുടെ രക്ഷിതാക്കള്‍ക്കൊപ്പം നേരെ വിവാഹമണ്ഡപത്തിലേക്ക്. തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാടും ഒപ്പമുണ്ടായി. നവദമ്ബതിമാര്‍ക്ക് മാലയെടുത്തുകൊടുത്തു. അവരെ അനുഗ്രഹിച്ചു. ശേഷം തൊട്ടുമുൻപ് വിവാഹിതരായ ഒൻപത് നവദമ്ബതിമാരെ ആശീര്‍വദിച്ച്‌ അയോധ്യയില്‍ പൂജിച്ച അക്ഷതം കൈമാറി. തുടര്‍ന്ന് താരനിരയുള്‍പ്പെട്ട ക്ഷണിതാക്കളുടെ അടുത്തേക്ക്. പലരോടും കുശലം പറഞ്ഞു, അക്ഷതം കൈമാറി. വീണ്ടും ഗസ്റ്റ് ഹൗസിലേക്ക്, പിന്നെ ഹെലിപ്പാഡിലേക്ക്. അവിടെനിന്ന് വലപ്പാട്ടേക്ക്…

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി അവിടെ ചെലവഴിച്ചത് ഒന്നര മണിക്കൂര്‍. ആധ്യാത്മികപരിപാടികള്‍ നടന്ന വേദിയില്‍ 40 മിനിറ്റോളം ഇരുന്ന് അദ്ദേഹം എല്ലാം ആസ്വദിച്ചു. ഇരുകൈകളുംകൊണ്ട് താളംപിടിച്ചാണ് രാമായണം സംഗീതാവിഷ്കാരവും ഭജനയും കേട്ടത്. ഒടുവില്‍ കലാകാരന്മാരെ കൈകൂപ്പി വന്ദിച്ച്‌ എഴുന്നേറ്റു. തുടര്‍ന്ന് ഇവരെ ആദരിച്ചു. മടങ്ങിപ്പോകുംവഴി കാണികളുടെ ആവേശമിരട്ടിപ്പിച്ച്‌ കാറിന്റെ വശത്തു നിന്ന് അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. തിരികെ വലപ്പാട് സ്കൂള്‍ മൈതാനത്തെത്തി കൊച്ചിയിലേക്ക് ഹെലിക്കോപ്റ്ററില്‍ പറന്നു.

പ്രധാനമന്ത്രിക്കായി തയ്യാറാക്കിയത് 20 വിഭവങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേകം തയ്യാറാക്കിയത് ഇരുപതിലേറെ വിഭവങ്ങള്‍. ഇളനീരും മസാലച്ചായയും കശുവണ്ടി, ഈത്തപ്പഴം തുടങ്ങിയവയും പ്രധാനമന്ത്രി കഴിച്ചു. പുട്ട്, മസാലദോശ, ഇടിയപ്പം, സാമ്ബാര്‍, നാലുതരം ചട്‌നി, ഇസ്റ്റൂ, ചന്ന മസാല, ആലു പൊറോട്ട, അവിലുകൊണ്ടുള്ള പൊഹ, ചെറുപയറും അരിയും ചേര്‍ത്ത് പൊങ്കല്‍പോലെ തയ്യാറാക്കിയ ‘ഘഠി’ എന്ന പേരിലുള്ള വിഭവം എന്നിവയായിരുന്നു പ്രധാനപ്പെട്ടത്. ബദാം, പേരയ്ക്ക, തണ്ണിമത്തൻ, പൈനാപ്പിള്‍, പിസ്ത, പപ്പായ ജ്യൂസ് തുടങ്ങിയവയും ഉണ്ടായിരുന്നു. ടൂറിസംവകുപ്പിന്റെ ഷെഫ് കെ.എം. അനൂപാണ് ഭക്ഷണം തയ്യാറാക്കിയത്.

പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. വെല്‍ക്കം ഡ്രിങ്കായി കരിക്കിന്‍ വെള്ളമാണ് നല്‍കിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കിംഗ് സൈസ് ബെഡ് തയാറാക്കിയിരുന്നു. എങ്കിലും നിലത്ത് വുഡന്‍ ഫ്‌ലോറില്‍ യോഗ മാറ്റ് വിരിച്ച്‌ അതിന്റെ മുകളില്‍ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു.

കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 16 ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്നത്. പിറ്റേദിവസം പുലര്‍ച്ചെ 4.30 ന് ഉണര്‍ന്ന് ചൂടുവെള്ളം കുടിച്ച ശേഷം യോഗ ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫും എസ്പിജി ഉദ്യോഗസ്ഥരും ഇവിടെ 40 മുറികളിലായി താമസിച്ചത്. ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നത്. നേരത്തേ 2019 ലാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ താമസിച്ചത്.

Back to top button
error: