കോട്ടയം: ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കാക്കനാട് ഭൂമി വില്ക്കാന് പരസ്യം നല്‍കിയതില്‍ വിശദീകരണവുമായി ചെയര്മാന്. സുതാര്യമായാണ് വിദേശ മാധ്യമങ്ങള്‍ അടക്കം പരസ്യം നല്‍കിയതെന്ന് ചെയര്മാന് ബാബു ജോസഫ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളും നടപടിയെ സ്വാഗതം ചെയ്യുന്നു.
ട്രാവന്‍കൂര്‍ സിമന്റ് സിന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് വാഴക്കാലയിലെ 2.79 ഏക്കര്‍ ലേലത്തില്‍ വില്‍ക്കുന്നതിന് ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ആഗോള ടെന്‍ഡര്‍ ഭാഗമായിരുന്നു നടപടി. എന്നാല്‍, ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചെയര്മാന് ബാബു ജോസഫ് വാര്‍ത്താക്കുറുപ്പിലൂടെ വിശദീകരണം നല്‍കിയത്. ക്യാബിനറ്റ് തീരുമാനത്തിന് അടിസ്ഥാനത്തിലാണ് ഭൂമി വില്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും നിലവിലെ ജീവനക്കാരുടെ ശമ്പളം പരിഹരിക്കേണ്ടതിന് ഭൂമി വില്‍ക്കേണ്ടതുണ്ട്.
വിരമിച്ച ജീവനക്കാരുടെ ഹരജിയില്‍ ഭൂമി വില്ക്കാന് ഹൈക്കോടതിയും നിര്‍ദേശം നല്കി . ആദ്യം പരസ്യം നല്‍കിയെങ്കിലും ഭൂമി വാങ്ങാന്‍ ആരും സമീപിക്കാത്തതിനാലാണ് വീണ്ടും പരസ്യം നല്‍കിയതെന്നും ചെയര്മാന് വിശദീകരിക്കുന്നു. തൊഴിലാളി സംഘടനകളുടെ സര്‍വകക്ഷി യോഗം ഭൂമി വില്‍ക്കുന്നതിന് എതിര്‍പ്പില്‍ നിന്ന് വ്യക്തമാക്കിയിരുന്നു.
തീരുമാനത്തെ അനുകൂലിക്കാനുള്ള കാരണമായി പ്രതിപക്ഷ യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്ന കാര്യം ഇതാണ്. ഭൂമി വില്‍പ്പന പരമാവധി വേഗത്തില്‍ നടന്നാല്‍ മാത്രമേ ഗുണകരമാകും. അടിസ്ഥാന വില 22 കോടിയാണെങ്കിലും 40 കോടി എങ്കിലും ലേലത്തിലൂടെ ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കുടിശ്ശിക തീര്‍ത്ത ബാക്കി തുക പ്രവര്‍ത്തനം മൂലധനമാക്കാനാണ് ലക്ഷ്യം.