IndiaNEWS

എംജിആറിന് പകരം പോസ്റ്ററിലെത്തിയത് അരവിന്ദ് സ്വാമി; അണ്ണാഡിഎംകെയ്ക്ക് ‘ട്രോള്‍പ്പൂരം’

ചെന്നൈ: എംജിആര്‍ ജന്മവാര്‍ഷികത്തില്‍ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പറ്റിയ അമളി വൈറല്‍. ജന്മവാര്‍ഷിക പരിപാടികളുമായി സംബന്ധിച്ച പോസ്റ്ററില്‍ എംജിആറിന് പകരമെത്തിയത് അരവിന്ദ് സ്വാമിയുടെ ചിത്രമായിരുന്നു. തിരുപ്പത്തൂരിലെ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ക്കാണ് അമളി പറ്റിയത്. തലൈവി എന്ന സിനിമയില്‍ എംജിആറായി വേഷമിട്ട അരവിന്ദ് സ്വാമിയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചത്.

നേതാക്കളുടെ വലിയ ചിത്രങ്ങളുമായി പ്രാദേശിക നേതാക്കള്‍ പോസ്റ്റര്‍ അടിക്കുന്നത് തമിഴ്‌നാട്ടിലെ പതിവ് കാഴ്ചയാണ്. എന്നാല്‍, ഇത്തരം പോസ്റ്ററുകളില്‍ പ്രമുഖ നേതാക്കളുടെ ചിത്രം മാറിപോകുന്നത് അസാധാരണം ആയതാണ് സംഭവം വലിയ രീതിയില്‍ ട്രോള്‍ ആവാന്‍ കാരണമായത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ എംജിആറിന്റെ അനുസ്മരണത്തില്‍ വലിയ രീതിയിലുള്ള പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കുന്നത്. തിരുപ്പത്തൂറിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം ജയലളിതയും എംജിആറുമുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. എന്നാല്‍, പോസ്റ്ററില്‍ എംജിആറിന് പകരമെത്തിയത് സിനിമയിലെ എംജിആറാണെന്ന് മാത്രം.

Signature-ad

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ യാത്ര വിശദമാക്കുന്ന ചിത്രമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ തലൈവി. പോസ്റ്ററിലെ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക നേതാക്കളുള്ളത്. ട്രോളുകളും പരിഹാസവും വ്യാപകമായതിന് പിന്നാലെ പോസ്റ്ററിലെ അരവിന്ദ് സ്വാമിയുടെ ചിത്രം എംജിആര്‍ ചിത്രമുപയോഗിച്ച് പ്രവര്‍ത്തകര്‍ മറച്ചിരുന്നു.

Back to top button
error: