ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടും.ആദ്യമത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഫിഫ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കെതിരെ ശനിയാഴ്ച 2–0നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ പകുതിയിൽ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്.
നിലവിൽ ബി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണെങ്കിലും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് സാധ്യതശേഷിക്കുന്നുണ്ട്. 6 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലെത്തുക.
3 പോയിന്റോടെ ഓസ്ട്രേലിയയാണ് ബി ഗ്രൂപ്പിൽ മുന്നിൽ. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ സിറിയയും ഉസ്ബെക്കിസ്ഥാനും ഒരു പോയിന്റോടെ തൊട്ടു പിന്നിലുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ ഇന്ത്യ നേരിടും.