തൃശൂർ: ബിജെപിയുടെ തിരഞ്ഞെടുപ്പു സാധ്യതാ ഭൂപടത്തില്‍ പത്തു വര്‍ഷം മുൻപുവരെ തൃശൂര്‍ ഒരു സാധാരണ പേരായിരുന്നു.നേട്ടമുണ്ടാക്കാമെ ന്ന പ്രതീക്ഷയുള്ള ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു.
മുതിര്‍ന്ന നേതാക്കളായിരുന്നു തലസ്ഥാനത്ത് ബിജെപിക്കായി മത്സരത്തിനിറങ്ങിയിരുന്നത്.
2019 ല്‍ നടൻ സുരേഷ് ഗോപി മത്സരിക്കാനെത്തിയതോടെയാണ് തൃശൂര്‍ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയത്. മുൻ തിരഞ്ഞെടുപ്പിനേക്കാള്‍ 1,91,141 വോട്ടുകള്‍ കൂടുതല്‍ നേടി സുരേഷ് ഗോപി വരവറിയിച്ചതോടെ, സാധ്യതാ പട്ടികയില്‍ തിരുവനന്തപുരത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യം ബിജെപി തൃശൂരിനു നല്‍കിത്തുടങ്ങി.
സംഘടനാ സംവിധാനത്തേക്കാള്‍ സുരേഷ് ഗോപി എന്ന വ്യക്തിയിലാണ് ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നത്.രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരു സ്ഥലത്ത് രണ്ടുവട്ടം എത്തുന്നത് പതിവുള്ളതല്ല. ജനുവരി മൂന്നിനും 17 നും തൃശൂരിലെത്തിയതുവഴി, ദേശീയ നേതൃത്വം മണ്ഡലത്തിനും സുരേഷ് ഗോപിക്കും നല്കുന്ന പരിഗണനയാണ് വ്യക്തമാക്കുന്നത്.