ചണ്ഡീഗഡ്: സ്വവര്‍ഗ പങ്കാളിയെ മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് യുവതി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കവെ പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്താണെന്ന് തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 19 വയസ്സുള്ള തന്റെ പങ്കാളിയെ മാതാപിതാക്കള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നും കോടതി ഇടപെടണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പങ്കജ് ജെയിന്‍, ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി എങ്ങനെയാണ് ഉറ്റ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന്, അമ്മയും പങ്കാളിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ കേള്‍പ്പിച്ചു. പ്രസ്തുത സംഭാഷണത്തിന് പുറമെ, ഹരജിക്കാരിക്ക് തടങ്കലില്‍ കഴിയുന്ന പെണ്‍കുട്ടി അടുത്ത സുഹൃത്താണെന്ന് തെളിയിക്കാന്‍ സമയം നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി.
ആധാര്‍ കാര്‍ഡുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പ്രാധാന്യമുണ്ട്. തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ രണ്ട് ആധാര്‍ കാര്‍ഡുകളാണ് കോടതിക്ക് മുന്നിലെത്തിയത്. ഒന്നില്‍ ജനനത്തീയതി കാണിക്കുന്നത് ജൂണ്‍ 15, 2007 ആണെന്നാണ്. എന്നാല്‍, പരാതിക്കാരി ഹാജരാക്കിയ ആധാര്‍ കാര്‍ഡില്‍ പറയുന്നത് 2004 ജൂണ്‍ 14 ആണെന്നാണെന്നും ജഡ്ജി പറഞ്ഞു.
ജനുവരി നാലിന് മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ജനുവരി 15 ന് അടുത്ത വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് ആദ്യം പരിഗണിച്ച ബെഞ്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തോടും ചണ്ഡീഗഡിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഓഫീസിനോടും പെണ്‍കുട്ടിയുടെ പേരില്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.