FeatureLIFE

വളരെ ആദായകരം; കേരളത്തിൽ തണ്ണിമത്തൻ കൃഷി അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല !

കേരളത്തിൽ തണ്ണിമത്തൻ കൃഷി അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല.പക്ഷെ ആറേഴ് മാസം മഴയായതിനാൽ നേരവും കാലവും നോക്കി വേണം നടാൻ എന്നു മാത്രം.
നവംബർ ആദ്യം തണ്ണിമത്തൻ കൃഷി  തുടങ്ങിയാൽ മാർച്ചിൽ വിളവെടുക്കാം. രണ്ടാംവിള കൃഷി കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും തണ്ണിമത്തൻ നന്നായി വിളയും.നല്ല സൂര്യപ്രകാശം വേണം.പശിമരാശി മണ്ണാണ് കൂടുതൽ അഭികാമ്യം.
പരമ്പരാഗത രീതിയിൽ കുഴിയെടുത്താണ് തണ്ണിമത്തൻ കൃഷി. 3 മീറ്റർ അകലത്തിൽ 2 മീറ്റർ ഇടവിട്ട് കുഴിയെടുത്തു വിത്തു പാകാം. 60 സെന്റിമീറ്റർ വലുപ്പവും 30–45 സെന്റിമീറ്റർ ആഴവുമുള്ള കുഴികൾ എടുത്ത് സെന്റിന് 100 കിലോ കാലിവളം/ ജൈവവളം മേൽമണ്ണുമായി ചേർത്തു മുക്കാൽ ഭാഗം നിറച്ചു വിത്തു പാകാം.
അടിവളത്തിനു പുറമേ, വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം. ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ ചാണകസ്ലറി, വെർമികമ്പോസ്റ്റ്,  ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
വിത്തിട്ട് ആദ്യ ഘട്ടങ്ങളിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. പൂവിടുമ്പോഴും കായ്പിടിത്തം തുടങ്ങുമ്പോഴും മണ്ണിലെ ഈർപ്പത്തിനനുസരിച്ച് നന ക്രമീകരിക്കാം. തടത്തിൽ പുതയിടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും. കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം കുറയ്ക്കാം. വിളവെടുപ്പിനു 15 ദിവസം മുമ്പ് ജലസേചനം നിർത്തണം. തണ്ണിമത്തന്റെ വള്ളി പടർത്തുന്നതിന് ഉണങ്ങിയ കമ്പുകൾ, ഓല, വൈക്കോൽ എന്നിവ നിരത്തിക്കൊടുക്കാം.
ഇതൊന്നുമില്ലാതെ കേരളത്തിൽ ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലൂടെ കർഷകർ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്. ആദ്യം മുതൽമുടക്ക് കൂടുമെങ്കിലും ക്രമേണ ലാഭകരമാണ് ഈ കൃഷി. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചും ഡ്രിപ്പ് ലൈനും നൽകി, നനയും വളവും കൃത്യമായ ഇടവേളകളിൽ നൽകി, കളനിയന്ത്രണം സാധ്യമാക്കി കൂടുതൽ വിളവ് ഇതിലൂടെ കൈവരിക്കാം.
തണ്ണിമത്തന്‍ കൃഷി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം ചെയുന്നത് പോലെയാണ് തോന്നുക എന്നാല്‍ നമുക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തന്‍. നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണ് ഇത്.
വിത്തിട്ട് ഒരാഴ്ചക്കകം തൈ വളരും. ഏകദേശം മൂന്ന് ആഴ്ചയോളം കഴിയുമ്പോൾ ഇലകളൊക്കെ വന്ന് കുറച്ചു കൂടി നന്നായി വളർന്നിട്ടുണ്ടാകും. ചെടിക്ക്‌ മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്‌, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം. വിത്തിട്ട് 35 മുതൽ 45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. ആൺപൂക്കളാണ്‌ ആദ്യം വിരിയുക. അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും. ഒരാഴ്‌ചയ്‌ക്കകം പെൺപ്പൂക്കൾ വിരിയും.
ചെടി പടർന്നുവളരാൻ തുടങ്ങിയാൽ ഭൂമിയിൽ തെങ്ങോലകളോ ചുള്ളികളോ ഇട്ടുകൊടുക്കണം. ഭൂമിയുടെ ചൂട്‌ തണ്ണിമത്തൻ വള്ളികൾക്ക്‌ നേരിട്ട്‌ ബാധിക്കാതിരിക്കാൻ ഇതു സഹായകമാകും. ആദ്യ കാലങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്‍റെ നനവനുസരിച്ച് ജലസേചനം കുറക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിനും മധുരം കുറയുന്നതിനും ഇടയാക്കും.
കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം കുറയ്ക്കാം. വിളവെടുപ്പിനു 15 ദിവസം മുമ്പ് ജലസേചനം നിർത്തണം. 90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം.
നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്. ഷുഗർബേബി, അർക്കജ്യോതി, അർക്കമണിക്., ശോണിമ, സ്വർണ(കുരുവില്ലാത്തത്) എന്നിവയാണ് കേരളത്തിൽ സാധാരണ കണ്ടുവരുന്ന തണ്ണിമത്തൻ ഇനങ്ങൾ. കാർഷിക സർവകലാശാലയുടെ ഔട്ട്ലെറ്റുകളിൽ നിന്നും ഇവ ലഭിക്കും.

Back to top button
error: