രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ഹീമോഫീലിയ രോഗിയായ ശബരിമല തീര്‍ഥാടകൻ ആന്ധ്രാ നെല്ലൂര്‍ സ്വദേശി രംഗനാഥന് (26 വയസ്) ഒരു ലക്ഷം രൂപയുടെ ചികിത്സ സംസ്ഥാന സര്‍ക്കാരിന്റെ ‘ആശാധാര’ പദ്ധതിയിലൂടെയാണ് സൗജന്യമായി നല്‍കിയത്.
ഏതാനും ദിവസങ്ങള്‍ക്കു മുൻപ് കാല്‍ മുട്ടിനു നീരുവീക്കവുമായി ആന്ധ്രയിലെ നെല്ലൂരില്‍ ചികിത്സ നേടിയങ്കിലും കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം തീര്‍ത്ഥാടന യാത്രയ്ക്കിടെ കാല്‍ മുട്ടില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. രക്തം വാര്‍ന്ന് ക്ഷീണിതനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഇടപെട്ട് ജനുവരി 7ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
രക്തസ്രാവം മൂലം തികച്ചും ക്ഷീണിതനായ രോഗിക്ക് തുടക്കത്തില്‍ ആവശ്യത്തിന് രക്തം നല്‍കിയശേഷം ഏതുതരം രക്തഘടകത്തിന്റെ അഭാവം മൂലമുള്ള രോഗമാണെന്ന് പരിശോധിച്ച് അത് നല്‍കുകയാണ് വേണ്ടത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന അവസ്ഥയാണിത്.എട്ടാം രക്തഘടകത്തിന്റെ അഭാവമാണ് രോഗിക്കെന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ കണ്ടെത്തിയിരുന്നു.
തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റിയത്.ആവശ്യമുള്ള രക്തം അടിയന്തരമായി നല്‍കി രക്തസ്രാവം നിയന്ത്രിക്കുകയായിരുന്നു. 6000 രൂപ വിലമതിക്കുന്ന 16000 യൂണിറ്റ് രക്തഘടകമാണ് രോഗിക്ക് നല്‍കിയത്. 96000 രൂപ വിലമതിക്കുന്ന മരുന്നാണ് ഇത്.തുടർന്ന് രോഗിയുടെ നില മെച്ചപ്പെടുകയും തുടർ പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി അഞ്ച് ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു.
നാളെ രാവിലത്തെ ശബരി എക്സ്‌പ്രസിൽ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും.സർക്കാർ ഇടപെട്ട് എസി കോച്ചിൽ തന്നെ സീറ്റ് തരപ്പെടുത്തി കൊടുത്തിട്ടുമുണ്ട്. ആന്ധ്രാ നെല്ലൂര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളില്‍ യു.പി തലത്തില്‍ സോഷ്യല്‍ സയൻസ് അധ്യാപകനാണ് രംഗനാഥൻ.
കോട്ടയം മെഡിക്കല്‍ കോളേജില്‍ യൂണിറ്റ് ചീഫ് ഡോ ടി പ്രശാന്തകുമാര്‍, ഡോ അതുല്യ ജി അശോക് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. ഹൈ ഡിപെൻഡൻസി യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്ന രോഗി അഞ്ചുദിവസത്തെ ചികിത്സക്ക് ശേഷം നാളെ നാട്ടിലേക്ക് തിരിക്കും.