SportsTRENDING

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഗോൾവേട്ടക്കാരിൽ മുൻപൻ ഇന്ത്യൻ നായകൻ

ദോഹ: 624 താരങ്ങള്‍ ഖത്തര്‍ 2024ന് വേണ്ടി രജിസ്റ്റര്‍ ചെയ്തപ്പോള്‍ തായ്‌ലൻഡിനുവേണ്ടി ഗോള്‍വല കാക്കുന്ന സിവാരക് ടെഡ്‌സങ്‌നണ്‍ ആണ് ഏറ്റവും പ്രായം കൂടിയ താരം. 1984 ഏപ്രില്‍ 20ന് ജനിച്ച്‌ 40ലേക്ക് കാലെടുത്ത് വെക്കുന്ന താരം ബുരിറാം യുനൈറ്റഡിന് വേണ്ടിയും വല കാക്കുന്നുണ്ട്. ഇന്ത്യയുടെ ഛേത്രിയാണ് തൊട്ടു പിറകെ. 39 വയസ്. ബഹ്‌റൈന്‍റെ സായിദ് ജാഫര്‍ 38 വയസ്സുമായി മൂന്നാമതുണ്ട്.
കിര്‍ഗിസ്താന്‍റെ 18 വയസ്സും ആറ് മാസവും പ്രായമുള്ള ബെക്‌നാസ് അല്‍മാസ്‌ബെകോവ് ആണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സും 10 മാസവും പ്രായമുള്ള മുൻതസിര്‍ മാജിദാണ് രണ്ടാമത്. 2004 സെപ്റ്റംബര്‍ ഒമ്ബതിന് ജനിച്ച ഇന്തോനേഷ്യയുടെ മാര്‍സലിനോ ഫെര്‍ഡിനനാണ് പ്രായം കുറഞ്ഞ മൂന്നാമത്തെ താരം.
ഗോൾവേട്ടക്കാരിൽ ഇന്ത്യൻ താരം സുനില്‍ ഛേത്രിയാണ്  മുന്നിലുള്ളത്. ഇന്ത്യക്കുവേണ്ടി 93 തവണയാണ് ഛേത്രി എതിര്‍വല കുലുക്കിയത്. യു.എ.ഇയുടെ അലി മബ്ഖൂത് 85 ഗോളുകളും ഇറാന്റെ സര്‍ദാര്‍ അസ്‌മോൻ 49 ഗോളുകളും നേടി രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഏറ്റവും കൂടുതല്‍ ഏഷ്യൻ കപ്പ് മത്സരങ്ങളില്‍ കളിച്ചുവെന്ന റെക്കോഡ് ജപ്പാൻ താരം യുട്ടോ നഗാറ്റോമക്കാണ്, 16 മത്സരങ്ങള്‍. എന്നാല്‍, ഈ റെക്കോഡ് ഇത്തവണ മറികടക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകര്‍. ദക്ഷിണ കൊറിയയുടെ സണ്‍ ഹ്യൂങ് മിൻ, യു.എ.ഇയുടെ അലി മബ്ഖൂത്ത് എന്നിവര്‍ 12 മത്സരങ്ങളുമായി നഗാറ്റോമക്ക് പിറകിലുണ്ട്. ആസ്‌ട്രേലിയയുടെ മാറ്റ് റയാൻ, ചൈനയുടെ ഷാങ് ലിൻപെങ്, ഇറാന്റെ ഇഹ്‌സാൻ എന്നിവര്‍ ഏഷ്യൻ കപ്പിന്റെ 11 മത്സരങ്ങളിലും ബൂട്ട് കെട്ടിയിട്ടുണ്ട്.
ആസ്‌ട്രേലിയയുടെ ഹാരി സൗതറാണ് ഖത്തര്‍ 2024ലെ ഏറ്റവും ഉയരം കൂടിയ താരം. രണ്ട് മീറ്ററാണ് ഉയരം. ആസ്‌ട്രേലിയക്കുവേണ്ടി പ്രതിരോധത്തില്‍ കളിക്കുന്ന താരത്തെ മറികടക്കാൻ എതിരാളികള്‍ അല്‍പ്പം വിയര്‍ക്കും. ഖത്തറിന്റെ ഹുമാം അഹ്മദ് (199 സെ.മീറ്റര്‍), ഇന്ത്യയുടെ ഗുര്‍പ്രീത് സിങ് (197 സെ.മീറ്റര്‍) എന്നിവരാണ് തൊട്ടുപിറകെ.
ഏഷ്യൻ കപ്പിനുള്ള അന്തിമ സ്‌ക്വാഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലേഷ്യൻ ക്ലബ് ഫുട്‌ബാളിലെ അതികായരായ ജോഹോര്‍ ദാറുല്‍ തഅ്‌സീം ക്ലബില്‍ നിന്നും ഏഷ്യൻ കപ്പിനെത്തുന്നത് 15 താരങ്ങളാണ്. ഇതില്‍ 13 താരങ്ങള്‍ മലേഷ്യക്കായി ബൂട്ട് കെട്ടുമ്ബോള്‍ ഒരാള്‍ ഇന്തോനേഷ്യക്ക് വേണ്ടിയും മറ്റൊരാള്‍ സിറിയക്ക് വേണ്ടിയും ബൂട്ട് കെട്ടും.
ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഏഷ്യൻ കപ്പിലെ താരമെന്ന റെക്കോഡ് ഖത്തര്‍ താരം ഹസൻ അല്‍ ഹൈദൂസിന് സ്വന്തം. 175 മത്സരങ്ങളിലാണ് അന്നാബികള്‍ക്കായി കളത്തിലിറങ്ങിയിരിക്കുന്നത്. അല്‍ ഹൈദൂസിന്‍റെ നാലാമത് ഏഷ്യൻ കപ്പ് കൂടിയാണിത്.
2011, 2015 ടൂര്‍ണമെന്റുകളില്‍ ഖത്തറിനായി കളത്തിലിറങ്ങുകയും 2019ല്‍ നായകനായി ഖത്തറിന് കന്നിക്കിരീടം നേടിക്കൊടുക്കുകയും ചെയ്തു. ഹൈദൂസിന് പിറകില്‍ ഇന്ത്യയുടെ എവര്‍ഗ്രീൻ താരം സുനില്‍ ഛേത്രിയാണ്, 145 മത്സരങ്ങള്‍. ഇറാൻ താരം ഇഹ്‌സാൻ ഹാജിസഫി 132 മത്സരങ്ങള്‍ കളിച്ച് മൂന്നാമതാണ്.

Back to top button
error: