IndiaNEWS

പൊന്നോമനയ്ക്ക് പൊന്നും വില! കാണാതായ പൂച്ചയെ കണ്ടെത്താന്‍ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദമ്പതിമാര്‍

നോയിഡ: ഓമനിച്ചുവളര്‍ത്തിയ പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ദമ്പതിമാര്‍. നോയിഡ സ്വദേശിയായ അജയ് കുമാറും ഭാര്യ ദീപയുമാണ് പേര്‍ഷ്യന്‍ പൂച്ചയായ ‘ചീക്കു’വിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ തെരുവുകളിലുടനീളം ഒട്ടിക്കുകയും ചെയ്തു ഇവര്‍.

കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ചീകുവിനെ കാണാതായത്. തങ്ങളെ പറ്റിക്കാനായി കട്ടിലിനടിയിലോ വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്തോ ചീക്കു ഒളിച്ചിരിക്കുകയാകും എന്നുകരുതി കുറേ നേരത്തേക്ക് അജയ്കുമാറും ദീപയും ചീകുവിന്റെ പിറകെ പോയില്ല. ഒളിച്ചുകളി അവന് പതിവുള്ളതാണ്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും ചീക്കു വരാതായതോടെയാണ് സംഗതി പന്തിയല്ലെന്ന് ഇരുവര്‍ക്കും തോന്നിയത്.

Signature-ad

പിന്നീടങ്ങോട്ട് കാടടച്ചുള്ള അന്വേഷണമാണ് ചീക്കുവിനായി അജയ്കുമാറും ദീപയും നടത്തിയത്. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചീക്കു പുറത്തേക്ക് ചാടിയിറങ്ങി പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുന്ന സി.സി.ടി.വി. ദൃശ്യം അന്വേഷണത്തിനിടെ ഇവര്‍ക്ക് ലഭിച്ചു. പാര്‍ക്കിങ് ഏരിയയിലേക്ക് നടന്ന് അപ്രത്യക്ഷനായ ചീക്കുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. തുടര്‍ന്ന് സെക്ടര്‍ 58 പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. എന്നാല്‍, ഇതുകൊണ്ടൊന്നും ഫലമുണ്ടാകാതിരുന്നതോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ചീക്കുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ മതിലുകളിലും പോസ്റ്റുകളിലും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലുമെല്ലാം അജയ്കുമാര്‍ ഒട്ടിച്ചു. ചീക്കുവിന്റെ ചിത്രം ഉള്‍പ്പെടെ പോസ്റ്ററിലുണ്ട്. കൂടാതെ ഇതേ കാര്യം അറിയിച്ചുകൊണ്ടുള്ള ലഘുലേഖകളും അജയ്കുമാര്‍ വിതരണം ചെയ്തിട്ടുണ്ട്.

മനുഷ്യരോട് വളരെ എളുപ്പം ഇണങ്ങുന്ന ഇനമാണ് പേര്‍ഷ്യന്‍ പൂച്ചകള്‍. ശാന്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനാണ് ഇവയ്ക്ക് ഇഷ്ടം. പതിനായിരം മുതല്‍ 50,000 രൂപവരെയാണ് ഒരു പേര്‍ഷ്യന്‍ പൂച്ചയുടെ ഇന്ത്യയിലെ വില.

Back to top button
error: