ന്യൂഡല്‍ഹി: മാലദ്വീപുമായി ബന്ധപ്പെട്ട നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്ത് ഇസ്രായേല്‍. വശ്യമോഹനവും അതിമനോഹരവുമായ ബീച്ചാണ് ലക്ഷദ്വീപിലേത് എന്നും കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് അവിടെ പ്രോജക്ടിന് തയ്യാറെടുക്കുകയാണ് എന്നും ഇന്ത്യയിലെ ഇസ്രായേല്‍ എംബസി അറിയിച്ചു. ഔദ്യോഗിക എക്സ് ഹാന്‍ഡ്ലിലാണ് എംബസിയുടെ പ്രതികരണം.
‘കേന്ദ്ര ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലുണ്ടായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ലക്ഷദ്വീപിന്റെ അകളങ്കിതമായ പ്രൗഢവുമായ ജലാന്തര സൗന്ദര്യം കാണണമെങ്കില്‍ ഇതാ ഈ ദ്വീപിന്റെ വശ്യമോഹനമായ ചില ചിത്രങ്ങള്‍’- എന്നാണ് എംബസിയുടെ കുറിപ്പ്.
ലക്ഷദ്വീപില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെയും ബീച്ചിന്റെയും കടലിന്റെയും ചിത്രങ്ങള്‍ എംബസി പങ്കുവച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ബീച്ചില്‍ ഫോട്ടോഷൂട്ട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ദ്വീപിനെ വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമം എന്നായിരുന്നു ആരോപണം. മോദിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ഇന്ത്യ അയല്‍രാജ്യത്തെ അമര്‍ഷം അറിയിക്കുകയും ചെയ്തിരുന്നു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രശ്‌നമായി വിവാദം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.