ധാക്ക: ബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതാവായ അവാമി ലീഗ് സഖ്യം വന്‍ വിജയത്തിലേക്ക്. 300 സീറ്റുകളില്‍ 200 എണ്ണവും അവാമി ലീഗ് നേടി. ഗോപാല്‍ഗഞ്ച് 3 മണ്ഡലത്തില്‍ വിജയിച്ച ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഈ മണ്ഡലത്തില്‍ എട്ടാം പ്രാവശ്യമാണ് ഷെയ്ഖ് ഹസീന വിജയിക്കുന്നത്. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ഇന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.
ആദ്യ കണക്കുകള്‍ അനുസരിച്ച് പോളിങ് 40% ആയിരുന്നെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ കാസി ഹബീബുല്‍ പറഞ്ഞു. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തതാണു പോളിങ് കുറച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. പാര്‍ലമെന്റിലെ 300ല്‍ 299 സീറ്റുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്.