ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതിയായ ‘മൊഹല്ല ക്ലിനിക്കു’കളുടെ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐയോട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ‘ആം ആദ്മി മൊഹല്ല ക്ലിനിക്കു’കളില്‍ നടത്തിയ ഡയഗ്‌നോസ്റ്റിക് പരിശോധനകളിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന ഇന്നലെ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
മൊഹല്ല ക്ലിനിക്കുകളില്‍ രോഗികളില്ലാതെ വ്യാജ റേഡിയോളജി, പതോളജി പരിശോധനകള്‍ നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ക്ലിനിക്കുകളില്‍ എത്താത്ത ഡോക്ടര്‍മാര്‍ എത്തിയതായി ഹാജര്‍ രേഖപ്പെടുത്തിയതായും ഇല്ലാത്ത രോഗികള്‍ക്ക് ഡയഗ്‌നോസ്റ്റിക് പരിശോധന നിര്‍ദേശിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും സെപ്റ്റംബര്‍ 20ന് ഇക്കാര്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ക്ലിനിക്കുകളിലെ ഏഴു ഡോക്ടര്‍മാരെ നീക്കം ചെയ്തു. ചില ഡോക്ടര്‍മാര്‍ വളരെ വൈകി ക്ലിനിക്കുകളില്‍ എത്തുകയും എന്നാല്‍, മുഴുവന്‍ ദിവസത്തെ ഹാജര്‍ രേഖപ്പെടുത്തുന്നതായും അന്ന് കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത ഭരദ്വാജ്, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സെക്രട്ടറിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു.
ആരോഗ്യ സെക്രട്ടറി ദീപക് കുമാറിനെ ഉടന്‍ തന്നെ പുറത്താക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരദ്വാജ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നുവെന്ന ആരോപണത്തില്‍, ദിവസങ്ങള്‍ക്ക് മുന്‍പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന സിബിഐയുടെ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.