
കൊച്ചി: നവവധു സഞ്ചരിച്ച കാറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.വിവാഹ മണ്ഡപത്തിലേക്കു പോകുംവഴിയാണ് നവവധു സഞ്ചരിച്ച കാറില്‍ നിന്ന് തീപടര്‍ന്നത്. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു വിവാഹസംഘം രക്ഷപ്പെട്ടത്. ചുമട്ടുതൊഴിലാളികളും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ ഉടന്‍ പൂര്‍ണമായി കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഇടപ്പള്ളി സിഗ്നലിനു സമീപം ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയും സംഘവും വിവാഹത്തിനായി ആലുവയിലെ ഓഡിറ്റോറിയത്തിലേക്ക് കാറില്‍ പോകുകയായിരുന്നു. ഇടപ്പള്ളി സിഗ്നലിനു സമീപം എത്തിയപ്പോള്‍ കാറില്‍ നിന്നു പുക ഉയരുന്നതു സമീപത്തെ ചുമട്ടു തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവര്‍ കാറിലുള്ളവരെ വിവരം അറിയിച്ചു. പരിഭ്രമിച്ച യാത്രക്കാര്‍ കാറിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. കാറിന്റെ ചില്ലു തകര്‍ത്തു പുറത്തുകടക്കാനും ശ്രമിച്ചു. ഇതിനിടെ വാതിലുകള്‍ തുറന്നു നവവധു ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ നിന്നു പുറത്തിറങ്ങിയ ഉടന്‍ എന്ജിന് ഭാഗത്തു നിന്നു തീ പടരുകയായിരുന്നു.
സമീപത്തെ റെസ്റ്റോറന്റില്‍ നിന്നു ചുമട്ടുതൊഴിലാളികള്‍ വെള്ളമെടുത്ത് തീയണയ്ക്കാനും ശ്രമിച്ചു. അപ്പോഴേക്കും ട്രാഫിക് എസ്ഐ: എസ്.ടി അരുളിന്റെ നേതൃത്വത്തില്‍ പൊലീസും എത്തി. നവവധുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു കാറില്‍ വിവാഹ സ്ഥലത്തേക്ക് അയച്ചു. എന്ജിന് ഭാഗത്തെ ഇലക്ട്രിക് വയറുകള്‍ കരിഞ്ഞിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.






