ലഖ്നൗ: കുപ്രസിദ്ധ കുറ്റവാളിയുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ കോണ്‍സ്റ്റബിള്‍ സച്ചിന് രതിയാണ് കൊല്ലപ്പെട്ടത്. 30 കാരനായ സച്ചിന്റെ വിവാഹം ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെയാണ് ദാരുണ വിയോഗം. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ വീട്ടില്‍ ഇനി സച്ചിന്റെ സംസ്കാരം നടത്തേണ്ട അത്യന്തം വേദനയേറിയ അവസ്ഥയിലാണ് കുടുംബം.
കൊലപാതകം ഉള്‍പ്പെടെ 20 ലേറെ കേസുകളില്‍ പ്രതിയായ അശോക് യാദവ് എന്നയാളെ കന്നൗജിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യാന്‍ പോയ നാലംഗ പൊലീസ് സംഘത്തിന്റെ ഭാഗമായിരുന്നു സച്ചിനും. അശോക് യാദവും മകന് അഭയും പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സച്ചിന് വെടിയേല്‍ക്കുകയായിരുന്നു.
കനത്ത വെടിവെപ്പിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ സേനയെ വിന്യസിച്ചു. നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാര്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പിതാവിനെയും മകനേയും പൊലീസ് കീഴ്പ്പെടുത്തി. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളുടെ കാലിന് വെടിയേറ്റിരുന്നു.
തുടയ്ക്ക് വെടിയേറ്റ സച്ചിനെ ഉടന്‍ കാണ്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, വന്‍ തോതില്‍ രക്തം നഷ്ടമായതിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെ മരിച്ചു.