മുംബൈ: മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളൊന്നും ആര്‍ബിഐ ഗവര്‍ണറായിരിക്കെ ലഭിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്. ആകെ കിട്ടുന്ന ഏറ്റവും വലിയ അലവന്‍സ് വീടാണ്. മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും. പെന്ഷന് പോലുമില്ല. ആര്‍ബിഐ ഗവര്‍ണര്‍ എന്ന നിലയില്‍ കിട്ടിയിരുന്ന ശമ്പളത്തെക്കുറിച്ച് സംസാരിക്കവെയാണ് രഘുറാം രാജന്റെ ഈ വെളിപ്പെടുത്തല്‍.
പോഡ്കാസ്റ്റില്‍ യൂട്യൂബര്‍ രാജ് ഷാമണിയുമായി സംസാരിച്ചപ്പോഴാണ് ആര്‍ബിഐ ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് ശമ്പളമായി ലഭിച്ചിരുന്നത് പ്രതിവര്‍ഷം നാലു ലക്ഷം രൂപയായിരുന്നെന്ന് രഘുറാം രാജന് വ്യക്തമാക്കിയത്. അതേസമയം ഇപ്പോഴത്തെ ആര്‍ബിഐ ഗവര്‍ണറുടെ ശമ്പളം എത്രയാണെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലത്ത് വര്‍ഷത്തില്‍ നാലു ലക്ഷം രൂപയായിരുന്നു. ഏറ്റവും വലിയ നേട്ടം വലിയൊരു വീട് ലഭിക്കും എന്നതാണ്. മുംബൈയിലെ മലബാര്‍ ഹില്ലില്‍ ധീരുഭായ് അംബാനിയുടെ വീട്ടില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെ ഒരു വലിയ വീട് ലഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആ വീട് വിറ്റാല്‍ അന്ന് ഏകദേശം 450 കോടി രൂപ ലഭിക്കും. അത് എവിടെയങ്കിലും നിക്ഷേപിച്ച് ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റിയാല്‍ ആര്‍ബിഐയിലെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കാം എന്ന് ചിന്തിച്ചിരുന്നതായി രഘുറാം രാജന് സൂചിപ്പിച്ചു. പക്ഷേ വീട് ഗംഭീരം തന്നെയായിരുന്നു പറയാനും മറന്നില്ല.
പ്രതിവര്‍ഷം നാലു ലക്ഷം രൂപ അടിസ്ഥാന ശമ്പളം ആര്‍ബിഐ ഗവര്‍ണറുടെ ശമ്പളത്തിന് ഉചിതമായ തുകയാണോ എന്ന ചോദ്യത്തിന്, ഇത് മറ്റ് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേതനത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ആര്‍ബിഐ ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ല. മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പെന്ഷന് ലഭിക്കുന്നില്ലെന്ന് രഘുറാം രാജന് പറഞ്ഞു.
മിക്ക ആര്‍ബിഐ ഗവര്‍ണര്‍മാര്‍ക്കും പെന്ഷന് ലഭിക്കാത്തതിന്റെ കാരണം അവര്‍ സിവില്‍ സര്‍വീസ് പശ്ചാത്തലമുള്ളവരാണ് എന്നതാണ്. സിവില്‍ സര്‍വീസ് പെന്ഷന് ലഭിക്കുന്നവരായിരിക്കും ഈ ഉദ്യോഗസ്ഥര്‍. എന്നാല്‍, സിവില്‍ സവര്‍വീസ് ഉദ്യോഗസ്ഥരല്ലാത്തവര്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയാലും പെന്ഷന് ഇല്ലാത്തതാണ് സ്ഥിതി.