ജയ്പ്പുര്‍: കേബിള്‍ മോഷ്ടിച്ചെന്നാരോപിച്ച് നാലഗ സംഘം ദലിത് യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭാനിപുര സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കനയ്യ ലാല്‍ മേഘ്വാള്‍ എന്നയാളാണ് മരിച്ചത്.
സൂറത്ത്ഗഡ് മുതല്‍ ബാബായി വരെയുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട വൈദ്യുതി വകുപ്പിലെ കരാറുകാരനു കീഴില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍, മോഷണം നടത്തിയെന്ന് ആരോപിച്ച് ഫാമില്‍ നിന്ന് രണ്ട് പേരെ പിടികൂടിയ ശേഷം മര്‍ദിക്കുകയായിരുന്നു.
വൈദ്യുതി വകുപ്പില്‍നിന്ന് വയര്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കനയ്യ ലാല്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ഗംഗാറാം മേഘ്വാള്‍ പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതികളായ സുമിത് ശര്‍മ, ഗോവിന്ദ് ശര്‍മ, ഭരത് സിങ്, സഞ്ജയ് യാദവ് എന്നിവര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേഘ്വാളിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. ഇവരെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.