KeralaNEWS

ഡ്രോണ്‍ ഉപയോഗിച്ച് പ്രതിഷേധിക്കുമെന്ന് രഹസ്യവിവരം; എന്‍.എസ്.യു.ഐ. സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വലിയതുറ പോലീസാണ് വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്. എറിക്, ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍നിന്ന് ഡ്രോണ്‍ വാങ്ങുന്നതിനായി വിവരങ്ങള്‍ തിരക്കിയിരുന്നു. ഡ്രോണ്‍ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്.

എന്നാല്‍, തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ കെ.എസ്.യുവിന്റെ പരിപാടികള്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുമായി ബന്ധപ്പെട്ട തിരക്കിയതെന്നാണ് എറിക്കിന്റെ വിശദീകരണം.

Signature-ad

അതിനിടെ, നവകേരള സദസ്സിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നത് നിരോധിച്ചു. നവകേരള സദസ്സ് നടക്കുന്ന വേദിയുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ രാവിലെ 6 മുതല്‍ രാത്രി 8 വരെ ഡ്രോണ്‍ ക്യാമറ ഉപയോഗം നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്‍ അറിയിച്ചു.

വര്‍ക്കല, ആറ്റിങ്ങല്‍, മംഗലാപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല എന്നീ സ്റ്റേഷന്‍ പരിധികളില്‍ വരുന്ന പ്രദേശങ്ങളിലാണ് ഡ്രോണ്‍ നിരോധനം. ഡ്രോണ്‍ ക്യാമറയുടെ അനധികൃത ഉപയോഗം നവകേരള സദസ്സിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണു നടപടി. 20, 21, 22 തീയതികളിലാണ് ജില്ലയില്‍ നവകേരള സദസ്സ്.

 

 

 

Back to top button
error: