തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഐഎഎസുകാര്‍ അവധിയില്‍. മന്ത്രിമാര്‍ നവകേരള സദസ്സുമായി പര്യടനം നടത്തുമ്പോള്‍ സെക്രട്ടറിമാര്‍ ഭരണത്തിനു നേതൃത്വം നല്‍കുമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍, 9 ഐഎ എസ് ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലായി വ്യക്തിപരമായ കാരണം പറഞ്ഞ് അവധിയില്‍ പോയി. മരാമത്ത് സെക്രട്ടറി കെ.ബിജുവാണ് ഏറ്റവും ഒടുവില്‍ 13 ദിവസത്തെ അവധിയില്‍ പോയത്. 30നു ശേഷമേ മടങ്ങിയെത്തൂ.
ചിലര്‍ പരിശീലനത്തിന്റെ പേരില്‍ കേരളത്തിനു പുറത്താണ്. നവകേരള സദസ്സ് കഴിഞ്ഞാല്‍ ഐഎഎസ് തലത്തില്‍ അഴിച്ചുപണി നടത്തുമെന്ന പ്രചാരണവുമുണ്ട്. വര്‍ഷാവസാനം ആയതിനാല്‍ സെക്രട്ടേറിയറ്റിലെയും മറ്റു പ്രധാന ഓഫിസുകളിലെയും ജീവനക്കാര്‍ക്ക് ഒട്ടേറെ അവധി ബാക്കിയുണ്ട്. അവരില്‍ നല്ലൊരു പങ്കും കൂട്ടത്തോടെ അവധിയെടുക്കുന്നു. ഇതിനെല്ലാമിടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഫയലുകളിലെ തീര്‍പ്പ് അനന്തമായി വൈകുകയും ചെയ്യുന്നു.
അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 564 പോലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.