ആലപ്പുഴ: കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ ജോബിന്റെ വീട് ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ പി.പി ചിത്തരഞ്ജന് എം.എല്‍.എയുടെ സ്റ്റാഫായ പ്രജിലാലും. കേസില്‍ രണ്ടാം പ്രതിയാണ് പ്രജിലാല്‍. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഒന്നാം പ്രതി റജീബ് അലിയെ മാത്രമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
പ്രജിലാലിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. വീട് ആക്രമണത്തിനിടെ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 15നാണ് നവകേരള സദസ്സ് പ്രതിഷേധത്തിനിടെ എം.ജെ ജോബിന്റെ വീട് ആക്രമിക്കപ്പെട്ടത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് കരിങ്കൊടി പ്രതിഷേധത്തിന് പിന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ ജോബ് ആണ് എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കയറി ഭാര്യയെ അടക്കം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഫര്‍ണിച്ചറുകളും ജനല്‍ ചില്ലുകളും തകര്‍ത്തിരുന്നു. ജനല്‍ച്ചില്ല് തകര്‍ക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൈക്ക് പരിക്കേറ്റത്.