SportsTRENDING

അവസരം കളഞ്ഞു കുളിച്ച് സഞ്ജു;12 റൺസുമായി മടക്കം 

ഖബേര്‍ഹ:  ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ചാമനായി ഇറങ്ങിയ സഞ്ജു 12 റൺസുമായി കൂടാരം കയറുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതെ പോയ സഞ്ജു രണ്ടാമങ്കത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുമെന്നായിരുന്നു കരുതിയതെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ കാര്യമായൊന്നും ചെയ്യാനാവാതെ  ക്രീസ് വിടുകയായിരുന്നു.

 

Signature-ad

അഞ്ചാം നമ്ബറില്‍ ഇറങ്ങിയ സഞ്ജുവിന് വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സമയം ധാരാളമുണ്ടായിരുന്നു. പക്ഷെ 23 ബോളിൽ ഒരു ഫോറുൾപ്പടെ വെറും 12 റണ്‍സ് മാത്രമേ  സ്‌കോര്‍ ചെയ്യാൻ സഞ്ജുവിനായുള്ളൂ.

 

തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി കുറിച്ച യുവ ഓപ്പണര്‍ സായ് സുദര്‍ശന്‍ 27ാം ഓവറില്‍ പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്.നായകന്‍ കെഎല്‍ രാഹുലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പങ്കാളി. നേരിട്ട നാലാമത്തെ ബോളില്‍ ഫോര്‍ നേടിയ സഞ്ജു നന്നായി തുടങ്ങുകയും ചെയ്തു.

 

പക്ഷെ ഡിഫന്‍സീവ് ശൈലിയില്‍ കളിച്ച സഞ്ജുവിനെ അധികനേരം ക്രീസില്‍ തുടരാന്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദച്ചില്ല. 32ാം ഓവരില്‍ ബ്യുറെന്‍ ഹെന്‍ഡ്രിക്സ് സഞ്ജുവിന്റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കുകയായിരുന്നു. ഓവറിലെ അവസാന ബോളിലാണ് അദ്ദേഹം ബൗള്‍ഡായി മടങ്ങിയത്.

 

കഴിഞ്ഞ ആഗസ്റ്റിൽ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം സഞ്ജു ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്ത ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. പക്ഷെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും വിമര്‍ശകരുടെ വായടപ്പിക്കാനുമുള്ള നല്ലൊരു അവസരമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്.

 

ഖബേര്‍ഹയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.സൗത്താഫ്രിക്കയുടെ ബാറ്റിങ് നിലവിൽ ആരംഭിച്ചിട്ടില്ല.

Back to top button
error: