Social MediaTRENDING
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം: കോട്ടയം-കുമളി റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച !
News DeskDecember 19, 2023
ചാര്‍ളി സിനിമയില്‍ ”കംപ്ലീറ്റ് മിനറല്‍സ് ആണ്…” എന്നു പറഞ്ഞ് ചാര്‍ളി വന്നുനില്ക്കുന്ന വെള്ളച്ചാട്ടം ഓര്‍മ്മിക്കുന്നുണ്ടോ?? നുരഞ്ഞുപതഞ്ഞുപതിക്കുന്ന ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അങ്ങനെ മനസ്സില്‍നിന്നു പോകുന്ന ഒന്നല്ല… കോട്ടയം-കുമളി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഈ വഴി പോകുന്നവരുടെ ഒരു സ്ഥിരം സങ്കേതമാണ്.
ഡിസംബറിലും മഴ കനത്തതോടെ നിറഞ്ഞുപതഞ്ഞൊഴുകി കാഴ്ചക്കാരെയും സഞ്ചാരികളെയും കൊതിപ്പിച്ചുനില്‍ക്കുകയാണ് വളഞ്ഞങ്ങാനം. സഞ്ചാരികള്ക്കി ടയില്‍ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എന്നാണ് അറിപ്പെടുന്നതെങ്കിലും പ്രദേശിവാസികള്‍ക്കിത് ‘നിന്നുമുള്ളി’ വെള്ളച്ചാട്ടമാണ്. പാറക്കെട്ടുകളില്‍ നിന്നും ആര്‍ത്തലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്.
ദൂരെ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദം കേള്‍ക്കുന്നതിനാല്‍ കാത്തിരിക്കുന്ന കാഴ്ച സ്ഥിരം സഞ്ചാരികള്‍ക്കു നല്കുമ്പോള് അപ്രതീക്ഷിതമായി ഒരു വെള്ളച്ചാട്ടം കണ്മുന്നില് വന്നെത്തുന്ന കാഴ്ചാനുഭവമാണ് ഈ റൂട്ടില്‍ ആദ്യമായി പോകുന്നവരുടെ മുന്നിലെത്തുന്നത്. 75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.
വേനലില്‍ ജീവനറ്റുപോകുമെങ്കിലും മഴ പെയ്തു തുടങ്ങിയാല്‍ വളഞ്ഞങ്ങാനത്തിനും ജീവന്‍വയ്ക്കും. പതഞ്ഞുപതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച കാണുവാന്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഈ വഴി കടന്നുപോകുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ട് വണ്ടിനിര്‍ത്തി ഒരു ഫോട്ടോയെങ്കിലും പകര്‍ത്താതെ ആരും കടന്നുപോകാറില്ല. ഇടുക്കിയില്‍ എണ്ണിത്തീരാവുന്നതിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാമെങ്കിലും വളഞ്ഞങ്ങാനത്തിന് പ്രത്യേകഭംഗി എടുത്തുപറയേണ്ടതാണ്.
തിരക്കേറിയ കോട്ടയം-കുമളി റോഡിന്റെ വലതുഭാഗത്തായാണ് വെള്ളച്ചാട്ടമുള്ളത്. നീണ്ടയാത്ര പോകുന്നവര്‍ വിശ്രമിക്കാനായി കണ്ടെത്തുന്ന ഒരു ഇടത്താവളമായും വളഞ്ഞങ്ങാനം വെള്ളച്ചാട്ടം മാറിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു സമീപത്തായി ചായയും ചെറുകടികളും ലഭിക്കുന്ന നിരവധി ഷോപ്പുകളുണ്ട്. ഈ വെള്ളച്ചാട്ടത്തില്‍ നിന്നും നേരിട്ട് വെള്ളമെടുത്താണ് ഇവിടെ ഉപയോഗിക്കുന്നത്. മലമുകളില്‍ നിന്നും വരുന്ന ഇതിലെ വെള്ള അത്രമാത്രം ശുദ്ധമാണെന്നാണ് കരുതുന്നത്.