ബംഗളൂരു: കര്‍ണാടക ബെളഗാവിയില്‍ 55 വയസ്സുള്ള ദലിത് വീട്ടമ്മയെ നഗ്‌നയാക്കി നടത്തിച്ച ശേഷം പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തെ, ബിജെപി കേന്ദ്ര നേതൃത്വം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റാനൊരുങ്ങുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. 4 എംപിമാരും ഒരു ദേശീയ സെക്രട്ടറിയും ഉള്‍പ്പെടെ 5 വനിതാ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അറിയിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനകൃത്യങ്ങള്‍ വര്‍ധിച്ചതായി നഡ്ഡ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ശന നിയമനടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. സംഭവത്തില്‍ 8 പേരെ അറസ്റ്റ് ചെയ്തതിനു പുറമേ ഒളിവിലുള്ള 8 പേര്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കി.
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിമാര്‍ ഇന്നലെ പാര്‍ലമെന്ററില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തെ അപലപിച്ച് ഇന്നു സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര അറിയിച്ചു.
കഴിഞ്ഞ 11ന് ബെളഗാവിയിലെ വണ്ടമുറിയിലാണ് കേസിന് ആസ്പദമായ സംഭവം. 24 വയസ്സുള്ള മകനൊപ്പം ഒളിച്ചോടിയ 18 വയസ്സുകാരിയുടെ ബന്ധുക്കളാണ് അക്രമത്തിനു പിന്നില്‍. യുവാവിന്റെ വീടും അക്രമികള്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി മഹാഭാരതത്തിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തേക്കാള്‍ ഹീനകൃത്യമാണു ബെളഗാവിയില്‍ നടന്നതെന്ന് വിലയിരുത്തി. 18ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്.