മലപ്പുറം: പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ അധ്യാപകനെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. എസ്.എഫ്.ഐ. വണ്ടൂര്‍ ഏരിയാ പ്രസിഡന്റ് കാളികാവ് കറുത്തേനി പുള്ളിച്ചോല സല്‍മാനെയാണ് (21) എടവണ്ണ പോലീസ് അറസ്റ്റുചെയ്തത്. ബിരുദ വിദ്യാര്‍ഥിയാണ്. കോടതി ജാമ്യം നല്‍കി.
കഴിഞ്ഞ ആറിനാണ് സംഭവം. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും മുസ്ലിം ലീഗ് അംഗവുമായ എ.പി. ജൗഹര്‍ സാദത്തിനാണ് മര്‍ദനമേറ്റത്.
സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കും സല്‍മാനുള്‍പ്പെടെ കണ്ടാലറിയാവുന്ന 11 പേര്‍ക്കും എതിരേയാണ് കേസ്. ദുര്‍ബല വകുപ്പാണ് പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയതെന്നാരോപിച്ച് നേരത്തേ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. പോലീസ് പിന്നീട് കേസില്‍ ജാമ്യമില്ലാവകുപ്പും ഉള്‍പ്പെടുത്തി. വിശദാന്വേഷണത്തെത്തുടര്‍ന്നാണിതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍.
സര്‍വകലാശാലകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ. പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനംചെയ്തിരുന്നു. എടവണ്ണയില്‍ സമരത്തിനെത്തിയവര്‍ ക്ലാസ് മുറിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.