ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഡാലോചന), 452 (അതിക്രമിച്ചു കയറല്‍) കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.
ഇവര്‍ പ്രതികളുടെ വിദ്യാഭ്യാസ സാഹചര്യവും സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും.
മൈസൂരു സ്വദേശി ഡി.മനോരഞ്ജന്‍, ലക്നൗ സ്വദേശി സാഗര്‍ ശര്‍മ എന്നിവരാണ് സന്ദര്‍ശക ഗാലറിയില്‍നിന്ന് സഭയിലേക്ക് ചാടിയത്. പാര്‍ലമെന്റ് ഗേറ്റിനു പുറത്ത് സ്മോക്ക് കാനിസ്റ്ററുകള്‍ തുറന്ന് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി, മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ എന്നിവരെയും പൊലീസ് പിടികൂടി.
പിടിയിലായ നീലം ദേവി കര്‍ഷ പ്രക്ഷോഭമുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരായ പല പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ആറു പേര് ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ്, ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്സഭയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്.