കടുവകള്‍ കാട് വിട്ട് പുറത്തിറങ്ങുന്നത് ഏതെല്ലാം മാസങ്ങളില്‍? ഇത് കടുവകളുടെ ‘പ്രണയകാലം’
വേനല്‍ രൂക്ഷമാകുന്നതോടെ വയനാട്ടില്‍ കൂടുതല്‍ കടുവകള്‍ കാട് വിട്ട് പുറത്തിറങ്ങുമെന്നാണ് മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മുതലുള്ള നാല് മാസക്കാലം കടുവകളുടെ ഇണചേരല്‍ കാലമാണ്. ഈ സമയത്ത് ഇവ കാടുവിട്ട് പുറത്തേക്കിറങ്ങാനുള്ള സാധ്യത ഏറെയാണ്. ഓരോ കടുവയ്ക്കും ഇര തേടാന്‍ വലിയ വിസ്തൃതിയുള്ള പ്രദേശം തന്നെ വേണം. എന്നാല്‍, ഇണചേരല്‍ക്കാലമായാല്‍ വിസ്തൃതമായ ഈ പ്രദേശം വിട്ട് ഇണയെ തേടിയുള്ള യാത്രകള്‍ കടുവകള്‍ തുടങ്ങുന്നു.
മാനന്തവാടിയിലെ കുറുക്കന്‍മൂല, സുല്‍ത്താന്‍ബത്തേരിയിലെ ബീനാച്ചി, മന്ദംകൊല്ലി പ്രദേശങ്ങള്‍, നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാല്‍, പൊന്‍മുടിക്കോട്ട, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തിലുള്‍പ്പെട്ടിട്ടുള്ള വടക്കനാട്, മൂലങ്കാവ്, തേലമ്പറ്റ എന്നിവിടങ്ങളിലെല്ലാം കടുവകള്‍ ഇറങ്ങിയത് നവംബറിനും ഫെബ്രുവരിക്കും ഇടയിലുള്ള മാസങ്ങളിലാണ്. അപൂര്‍വമായി മറ്റുസമയങ്ങളിലും കടുവകള്‍ ജനവാസ മേഖലകളില്‍ എത്താറുണ്ട്. ആരോഗ്യമുള്ള കടുവകള്‍ സാധാരണയായി കാട് ഇറങ്ങാറില്ല. കടുവകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേല്‍ക്കാന്‍ ഇടയാകുകയോ അല്ലെങ്കില്‍ പ്രായാധിക്യം മൂലമോ ഇരതേടല്‍ പ്രയാസകരമാകുമ്പോഴാണ് കടുവകള്‍ കാടുമൂടിയ തോട്ടങ്ങളിലേക്കും അതുവഴി ജനവാസ മേഖലകളിലേക്കുമെത്തുന്നത്.
കുറച്ചുവര്‍ഷങ്ങളായി കാടിന് വെളിയില്‍ മാന്‍കൂട്ടങ്ങളെ ധാരാളമായി കാണാന്‍ കഴിയുമെങ്കിലും അവശരായി എത്തുന്ന കടുവകള്‍ ഇവക്ക് പിറകെ കൂടാറില്ല. അതിനു പകരം വളര്‍ത്തുമൃഗങ്ങളെയോ തെരുവ് നായ്ക്കളെയുമൊക്കെയാണ് കണ്ണു വെക്കുന്നത്. പ്രായമേറുംതോറും എളുപ്പത്തില്‍ വീഴ്ത്താവുന്ന ഇരയെ തേടി കൂടുതല്‍ ജനവാസ മേഖലകളിലേക്ക് ഇവ എത്തുന്നതിടെയാണ് മനുഷ്യര്‍ കടുവക്ക് മുമ്പിലകപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത്. സാധാരണഗതിയില്‍ കടുവകളുടെ ആയുസ് 15 വര്‍ഷമാണ്. ഇണചേരല്‍ കാലത്തൊഴിച്ച് കടുവകളെ ജോഡികളായി കാണാറില്ല. ഒറ്റക്കാണ് ഇര തേടുക. ഒരു ദിവസം മുപ്പത് മുതല്‍ 35 കിലോ ഗ്രാം വരെ മാംസം കടുവ അകത്താക്കുന്നത് കൊണ്ട് തന്നെ സാമാന്യം വലിപ്പമുള്ള ഇരയെ കണ്ടെത്തി പിടിക്കുകയാണ് ചെയ്യുന്നത്.
ഒരു നേരം നല്ല അളവില്‍ ഭക്ഷണം എത്തിച്ചാല്‍ പിന്നെ രണ്ട് മൂന്ന് ദിവസത്തേക്ക് കാര്യമായി ഭക്ഷണം വേണ്ടിവരില്ലെന്ന് പറയുന്നു. എങ്കിലും ഭക്ഷണം ലഭിക്കാന്‍ സാധ്യതയുള്ളയിടങ്ങള്‍ വിട്ട് അധികദൂരമൊന്നും കടുവകള്‍ സഞ്ചരിക്കാറില്ല. രാത്രിയില്‍ ആയിരിക്കും കൂടുതലും ഇരതേടാന്‍ ഇറങ്ങുക. ഒരു ഇരയെ കൈക്കലാക്കി കഴിഞ്ഞാല്‍ അതിനെ പിടിച്ച സ്ഥലത്ത് തന്നെയിരുന്ന് കഴിക്കുന്ന പതിവ് കടുവകള്‍ക്കില്ല. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞദിവസം വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിനിരയായ പ്രജീഷിന്റെ മൃതദേഹം കടുവ ആക്രമിച്ച സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകള്‍ മാറി ലഭിച്ചത്. പുല്ലരിയുന്നതിനിടെ ഇദ്ദേഹത്തിന് മേല്‍ ചാടിവീണ കടുവ മൃതദേഹം വലിച്ചിഴച്ച് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോയി ഭക്ഷിക്കുകയായിരുന്നു.