CrimeNEWS

ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണം: ഭര്‍തൃമാതാവും സഹോദരിയും ഒളിവില്‍

കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തില്‍ ഭര്‍തൃമാതാവും സഹോദരിയും ഒളിവിലെന്ന് പൊലീസ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.

ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകള്‍ ഹഫ്സത്തിലേക്കും അന്വേഷണം നീളുന്നത്. ഇവര്‍ ഷബ്നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഷബ്നയുടെ മാതാവിന്റെയും പിതാവിന്റെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണദിവസം മകള്‍ വീട്ടിലുണ്ടായിരുന്നു. ഈ ദിവസം നടന്ന വാക്കുതര്‍ക്കങ്ങളെ കുറിച്ച് മകള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാതാവ് വാതിലടച്ച് മുറിയില്‍ കടന്ന ശേഷവും അസ്വാഭാവികത തോന്നിയിട്ടും വീട്ടുകാര്‍ ഇടപെട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിതാവിന്റെ ബന്ധുക്കള്‍ മാതാവിനെ മര്‍ദിച്ചു. മുറിയില്‍ കയറി വാതിലടച്ചതോടെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ ഒന്നും ചെയ്തില്ല. പിതാവിന്റെ അമ്മാവന്‍ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും പത്ത് വയസുകാരിയായ മകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഷബ്‌ന മരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഒരാള്‍ യുവതിയോട് പറയുന്നതും വീഡിയോയിലുണ്ട്.

 

Back to top button
error: