![](https://newsthen.com/wp-content/uploads/2023/12/sfi-attack-governer-2.jpg)
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുന്നതിന് സഹായകരമാകുന്ന വിധത്തില്‍ ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ന്നതിന് പിന്നില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപം. പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും പോലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പ് റിപ്പോര്‍ട്ട് നല്‍കിയത് 24 മണിക്കൂറിനിടെ 3 തവണ. പ്രതിഷേധത്തിനു സാധ്യതയുള്ള സ്ഥലങ്ങള്‍ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്ക്കു നല്‍കിയ മൂന്നാമത്തെ റിപ്പോര്‍ട്ട്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ഞായറാഴ്ച വൈകിട്ട് വഴുതക്കാടിന് സമീപം ഗവര്‍ണര്‍ക്കുനേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഗവര്‍ണറുടെ വാഹനത്തിനു സമീപമെത്തിയ ഇവരെ പോലീസ് പിടിച്ചുമാറ്റി. തുടര്‍ന്ന്, ഗവര്‍ണറുടെ റൂട്ട് വയര്‍ലെസ് സെറ്റിലൂടെ അറിയിക്കണ്ടെന്നും ഫോണ്‍ വഴി അറിയിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. എന്നിട്ടും തിങ്കളാഴ്ചത്തെ ഗവര്‍ണറുടെ റൂട്ട് ചോരുകയും എസ്.എഫ്.ഐക്കാര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.
ഗവര്‍ണര്‍ സഞ്ചരിക്കാന്‍ തിരഞ്ഞെടുത്ത റൂട്ടില്‍ത്തന്നെ പ്രതിഷേധമുണ്ടായത് വിവരം ചോര്‍ന്നിട്ടാണെന്നാണ് ആക്ഷേപമുയരുന്നത്. പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും പോലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നാണ് ആരോപണം. റൂട്ട് ചോര്‍ന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.
തിങ്കളാഴ്ച നഗരമധ്യത്തില്‍ രണ്ടിടത്താണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടയുകയും വാഹനം ആക്രമിക്കുകയും ചെയ്തത്. എസ്.എഫ്.ഐക്കാര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും കാറിനുമുന്നില്‍ ചാടിവീഴുകയും ചെയ്തത് വലിയ സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണര്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കാനാകാത്തതും റൂട്ട് പുറത്തായതും ഗൗരവമുള്ള വിഷയമാണ്.
കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധത്തില്‍ കാര്യമായ പ്രതിരോധം പോലീസ് തീര്‍ത്തിരുന്നില്ല. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ രാജ്ഭവനില്‍ തൊട്ടുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ബാരിക്കേഡിന് വശത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് ഉള്ളിലേക്ക് കടക്കുന്നതിനുള്ള അവസരം പോലീസ് തന്നെ ഒരുക്കി നല്‍കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.