മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട; രഞ്ജിത്തിനെതിരെ ഡോ.ബിജു
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകന് ഡോ. ബിജു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ തനിക്കും അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിനുമെതിരെ രഞ്ജിത് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഡോ. ബിജു ഫെയ്സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകന് ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ബിജു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡോ. ബിജു ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തു. അതിനു തിയറ്ററില്‍ ആളുകള്‍ കയറിയില്ല. അതേ സമയം മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററില്‍ വന്നു. അതിന് നല്ല ആള് ത്തിരക്ക് ആയിരുന്നു. ആ സിനിമയ്ക്ക് തിയേറ്ററില്‍ ആള് വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമയ്ക്ക് അവാര്‍ഡുകളും കിട്ടും. അപ്പോള്‍ തിയേറ്ററില്‍ ആള് വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു. ഇവിടെയാണ് ഡോക്ടര്‍ ബിജു ഒക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടത്. തിയേറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടര്‍ ബിജുവിനെല്ലാം എന്ത് റെലവന്‍സ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ താന്‍ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറയുന്നത്. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെപ്പറ്റിയും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെപ്പറ്റിയും പറയുന്നത് വ്യര്‍ത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല. വളരെയേറെ ക്രിട്ടിക്കല്‍ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കള്‍ ചെയര്മാന് ആയ മേളയില്‍ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ മത്സരവിഭാഗത്തില്‍ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവല്‍ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തന്നോട് അനുമതി ചോദിച്ചു പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് അദൃശ്യജാലകങ്ങള്‍ എന്ന സിനിമയെന്ന് ഡോ. ബിജു പറഞ്ഞു.
‘വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സിനിമകളുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകള്‍ ഇവിടെ മേളയില്‍ കാണിക്കുന്നത് . അല്ലാതെ ആ സിനിമകള്‍ അവിടങ്ങളില്‍ തിയേറ്ററുകളില്‍ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങള്‍ ആണല്ലോ കേരളാ സര്‍ക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയര്മാന് ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒരു ചലച്ചിത്ര പ്രവര്ത്തകന് എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.’
‘ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ താങ്കള്‍ക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ. അതിങ്ങനെ ആയിരുന്നു എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് മിസ്റ്റര്‍ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തല്‍ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങള്ക്കും നന്ദി, സിനിമ എന്നാല്‍ ആള്‍ക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാന്‍ താങ്കള്‍ക്കു പേഴ്സണല്‍ മെസ്സേജ് അയച്ചത്. ‘മറു വാക്കുകള്‍ക്ക് നന്ദി ‘ എന്നും പിന്നീട് ‘മതി നിര്‍ത്തിക്കോ ‘ എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കള്‍ മറുപടി ആയി നല്‍കിയത്. മതി നിര്‍ത്തിക്കോ എന്ന ആജ്ഞ അനുസരിക്കാന്‍ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കള്‍ക്ക് ഞാന്‍ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്.’
താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാന്‍ കൂടിയാണ് ഈ കുറിപ്പ്. തിയറ്ററില്‍ ആളെക്കൂട്ടാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകനാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ബിജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
”ഭീമന് രഘു കോമാളിയും മണ്ടനും; മീശപിരിക്കുന്ന നായകന്മാര്ക്ക് പിന്നില്‍ ബന്ധുക്കളുടെ സ്വാധീനം”