ന്യൂഡല്‍ഹി: ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ, ‘ചില പോരാട്ടങ്ങള്‍ പരാജയപ്പെടുമെന്ന’ പോസ്റ്റുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവെന്നും സിബല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു.
”ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്. കാരണം, തലമുറകള്‍ക്ക് അറിയാന്‍ സുഖകരമല്ലാത്ത വസ്തുതകള്‍ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും വരും വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവ്” അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.
കേസില്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകനായിരുന്നു കപില്‍ സിബല്‍. കപില്‍ സിബലിനെ കൂടാതെ ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന്‍, സഫര്‍ ഷാ എന്നിവരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹരീഷ് സാല്‍വേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവരാണ് ഹാജരായത്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു. നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും മറ്റുമാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതല്‍ വാദം കേട്ട കേസ് സെപ്റ്റംബര്‍ 5ന് ആണു വിധി പറയാന്‍ മാറ്റിയത്.