ബസിന്റെ ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസിനടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം, യുവാവിനെ പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്

കോഴിക്കോട്: നഗരത്തിൽ സരോവരം പാർക്കിനു സമീപം ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂർ പുതിയാവിള മീനത്തിൽ പുതുവൽ വീട്ടിൽ പ്രകാശിന്റെ മകൻ ഗിരിപ്രകാശ് (24) ആണ് മരിച്ചത്.
ഉച്ചയ്ക്കു 12 മണിയോടെ അപകടമുണ്ടായത്. കോഴിക്കോട് ദേവാല റൂട്ടിൽ ഓടുന്ന സിഡബ്ല്യുഎംഎസ് എന്ന ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി തെന്നി മാറിയതാണ് അപകടത്തിന് ഇടയാക്കിയത്. ബസിനടിയിൽ ഇരുവശത്തുമായി രണ്ട് തൊഴിലാളികൾ കിടന്നുകൊണ്ട് ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിവരികയായിരുന്നു. പിന്നിലെ ടയറുകൾ ഊരിമാറ്റിയ ശേഷം ജാക്കി ലിവർ ഉപയോഗിച്ചാണ് ബസ് ഉയർത്തി നിർത്തിയിരുന്നത്. ഇതിനിടെ ജാക്കി തെന്നി മാറി ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിൻ എന്നയാളുടെ കാലിനു മുകളിലേക്കും ബസ് വീണു.
ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ഓടിക്കൂടി ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഗിരിപ്രകാശിനെ പുറത്തെടുക്കാൻ ആയില്ല. ജാക്കി ലിവറുകൾ ഉപയോഗിച്ച് ബസിന്റെ വശം ഉയർത്തി അശ്വിനെ ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.






