KeralaNEWS

നവകേരള സദസ്സിലെ അസ്വാരസ്യം; ഡിവൈഎസ്പിക്കെതിരെ പരാതിയുമായി സിപിഐ എംഎല്‍എ

തൃശൂര്‍: നാട്ടിക മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിലുണ്ടായ അസ്വാരസ്യത്തിന്റെ തുടര്‍ച്ചയായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ച് സി.സി. മുകുന്ദന്‍ എംഎല്‍എ.

സിപിഐ എംഎല്‍എ ആയ മുകുന്ദന്‍ നവകേരള സദസ്സിന്റെ വേദിയില്‍ ഡിവൈഎസ്പി പരിപാടി പൊളിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചതു വിവാദമായിരുന്നു. എന്നാല്‍, സിപിഎം മുന്‍ എംഎല്‍എയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.വി. അബ്ദുല്‍ ഖാദര്‍ ഡിവൈഎസ്പിയെ പരോക്ഷമായി അനുകൂലിച്ചു രംഗത്തുവരികയും മുകുന്ദന്റെ അഭിപ്രായ പ്രകടനം അനുചിതമെന്നു വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Signature-ad

എംഎല്‍എയുടെ പരാതിയില്‍ അക്കമിട്ടു പറയുന്ന പ്രധാന ആരോപണങ്ങളിങ്ങനെ: സംഘാടക സമിതി ചെയര്‍മാനായ തന്നോടോ മറ്റു ഭാരവാഹികളോടോ ആലോചിക്കാതെ വേദിയിലെ പല ക്രമീകരണങ്ങളും ഡിവൈഎസ്പി തന്നിഷ്ടപ്രകാരം മാറ്റിവയ്പ്പിച്ചു.

സംഘാടക സമിതി അംഗങ്ങളോടും പത്രപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സംഘാടകസമിതി വയ്പ്പിച്ച ബാരിക്കേഡുകള്‍ തലേന്നുരാത്രി മാറ്റിച്ചു. ഇതുമൂലം സ്റ്റേജ് നിര്‍മാണ കരാറുകാരനു നഷ്ടമുണ്ടായി. ഡ്രോണ്‍ ഉപയോഗിക്കാന്‍ കലക്ടറുടെയും റൂറല്‍ പൊലീസ് മേധാവിയുടെയും അനുമതി ലഭിച്ചിട്ടും ഡിവൈഎസ്പി അനുവദിച്ചില്ല. വേദിയിലും പുറത്തും ക്യാമറ ഉപയോഗിക്കാന്‍ ഏര്‍പ്പെടുത്തിയയാളെ പലവട്ടം തടഞ്ഞു. ഇടപെട്ട തന്റെ മുന്നില്‍ വച്ചു തന്നെ ആ വ്യക്തിയെ തള്ളിപ്പുറത്താക്കി. വേദിയിലെ ക്രമീകരണങ്ങള്‍ക്കായി താന്‍ ചുമതലപ്പെടുത്തിയ പിഎയെ 3 പൊലീസുകാരെ ഉപയോഗിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. ഇടപെടാന്‍ ശ്രമിച്ച തന്നോടും മോശമായി പെരുമാറി. വേദിയിലെയും സദസ്സിലെയും കുടിവെള്ള വിതരണം തടഞ്ഞുവെന്നും പരാതിയിലുണ്ട്.

നാട്ടികയിലെ നവകേരള സദസ്സിലേക്കു മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുന്‍പായാണു ഡിവൈഎസ്പി: സലീഷ് എന്‍. ശങ്കറിനെതിരെ സി.സി. മുകുന്ദന്‍ പൊട്ടിത്തെറിച്ചത്. പരിപാടി പൊളിക്കാന്‍ ഡിവൈഎസ്പി നോക്കുകയാണെന്നു മൈക്കിലൂടെ മുകുന്ദന്‍ തുറന്നടിച്ചു.

ഇതിനു പിന്നാലെ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മൈതാനം തിരഞ്ഞെടുത്ത കാര്യത്തില്‍ സംഘാടകരുടെ ഭാഗത്തു വീഴ്ചയുണ്ടെന്നു പരസ്യ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ കാര്‍ക്കശ്യവും തന്റെ പഴ്‌സനല്‍ സ്റ്റാഫിനോടടക്കമുണ്ടായ മോശം പെരുമാറ്റവുമായിരുന്നു എംഎല്‍എയെ ചൊടിപ്പിച്ചത്. എന്നാല്‍, മറ്റു വേദികളിലൊരുക്കുന്ന അതേ അളവിലുള്ള സുരക്ഷാ മുന്നൊരുക്കം മാത്രമാണു നാട്ടികയിലും നടത്തിയതെന്നു പൊലീസും പറയുന്നു.

Back to top button
error: