NEWSPravasi

കാഴ്ചയുടെ വിസ്മയം തീർക്കുന്ന അബുദാബിയിലെ ഷെയ്ഖ് സായിദ് മസ്ജിദ്

യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റാണ് അബുദാബി.1971-ലാണ് യു.എ.ഇയുടെ പിറവി. അന്നുമുതൽ അബുദാബിയാണ് തലസ്ഥാനപട്ടം അലങ്കരിക്കുന്നത്.
1958-ൽ എണ്ണ നിക്ഷേപം കണ്ടെത്തുന്നതോടെയാണ് അബുദാബിയുടെ മുന്നേറ്റം തുടങ്ങുന്നത്.ലോകരാജ്യങ്ങളുടെ ഉന്നതശ്രേണിയിലേക്ക് അബുദാബിയെ ഉയർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. യു.എ.ഇയുടെ സ്ഥാപകനായ അദ്ദേഹമാണ് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റും.
അബുദാബിയിലെ തന്നെ ഏറ്റവും വലിയ ആകർഷണമാണ്  ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് .ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ആശയമായിരുന്നു ഇത്.എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം 2004-ൽ മാത്രമാണ് ഇത് പൂർത്തിയായത്.
ലോകത്തിലെ ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും മികച്ച പ്രദർശനമായി പരക്കെ കണക്കാക്കപ്പെടുന്ന ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് അബുദാബിയിലെ എല്ലാ സന്ദർശകരും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ പരവതാനി ഉൾപ്പെടെ നിരവധി കാഴ്ചകൾ ഈ പള്ളിയിലുണ്ട്. അറബികൾ ഏറെ ഇഷ്ടപ്പെടുന്ന പരുന്തുകളെ ചികിത്സിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഫാൽക്കൺ ആശുപത്രിയാണ് മറ്റൊരു ആകർഷണം.
 
ലോകത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഈ ഭീമൻ, പൂർത്തിയാക്കാൻ ഏകദേശം 2 ബില്യൺ ദിർഹം ചിലവായി.ഒരേ സമയം 40000 പേർക്ക് പ്രാർഥിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇറാനിയൽ ഡിസൈനർ അലി ഖലീക്കി രൂപകല്പന ചെയ്ത കാർപ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.
 
17,000 ചതുരശ്ര മീറ്റർ മാർബിൾ നടുമുറ്റവും ദശലക്ഷക്കണക്കിന് സ്വരോവ്സ്കി പരലുകളുടെ പ്രകാശത്താൽ തിളങ്ങുന്ന സ്വർണ്ണ നിലവിളക്കുകളും കൊണ്ടാണ് പള്ളി അലങ്കരിച്ചിരിക്കുന്നത്.
 
ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡ്വൈസർ റേറ്റിങ്ങിൽ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും ഇടം പിടിച്ചിരുന്നു.
 
ഓരോവർഷവും ഏകദേശം 70 ലക്ഷം സന്ദർശകരും വിശ്വാസികളുമാണ് പള്ളിയിലെത്തുന്നത്. ഇസ്ലാമിക സംസ്കാരവും വിജ്ഞാനവുമായി വ്യത്യസ്ത പരിപാടികളാണ് ഇവിടെ നടന്നുവരുന്നത്.
 
മസ്ജിദിനോട് അടുപ്പിച്ചുള്ള എക്സിബിഷൻ ഹാളുകൾ, തിയേറ്റർ, ലൈബ്രറി, സൂഖ് അൽജാമി എന്നിവയെല്ലാം ആസ്വദിക്കാനും സഞ്ചാരികളെത്തുന്നുണ്ട്.
 

Back to top button
error: