ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിയാ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നില്‍ ബിഗ് സ്‌ക്രീനിലേക്കുള്ള വാതില്‍ തുറന്നത്. 2001-ല്‍ രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ലിംഗവിവേചനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. സ്ത്രീകള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ചില സെറ്റുകളില്‍ നല്‍കിയില്ലെന്ന് ബിബിസി ഹിന്ദിക്ക് നല്‍കിയഅഭിമുഖത്തില്‍ ദിയ പറഞ്ഞു.
”പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും. വലിയ ഷീറ്റ് വച്ച് മൂന്ന് പേര്‍ചേര്‍ന്ന് മറച്ചു പിടിക്കേണ്ടി വന്നിരുന്നു. ഞങ്ങള്‍ക്ക് വസ്ത്രം മാറാന്‍ പോലും ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു. പുരുഷന്മാര്‍ വരാന്‍ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷേ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രൊഫഷണല്‍ ആക്കിക്കളയുമായിരുന്നു. പല സ്ത്രീ അഭിനേതാക്കളും നടന്‍മാര്‍ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചും സിനിമ സെറ്റില്‍ പറഞ്ഞിട്ടുണ്ട്”
-ദിയാ മിര്‍സ പറഞ്ഞു.
വഹീദാ റഹ്‌മാന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത് വളരെ വൈകിയാണ്. ഇന്നും സിനിമകളില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്ന സത്യം നമ്മള്‍ മനസ്സിലാക്കണം, അത് സംവിധാനമായാലും നിര്‍മ്മാണമായാലും എഴുത്തായാലും. ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് പ്രധാന വേഷങ്ങള്‍ നല്‍കാത്ത ഒരു കാലഘട്ടം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിരുന്നു, എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെ നല്‍കിയിരുന്നു. താന്‍ ചെയ്ത ധക് ധക് എന്ന സിനിമ മോട്ടോര്‍ സൈക്കിള്‍ യാത്രയ്ക്ക് പോകുന്ന നാല് വ്യത്യസ്ത പ്രായത്തിലുള്ള നാല് സ്ത്രീകളുടെ കഥയാണ് പറഞ്ഞത്. ഇന്ത്യന്‍ സിനിമാലോകം ഇത്തരമൊരു കഥ കാണിക്കാന്‍ 110 വര്‍ഷമെടുത്തു. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ 23 വര്‍ഷം കാത്തിരുന്നുവെന്നും ദിയാ മിര്‍സ കൂട്ടിച്ചേര്‍ത്തു.
ധക് ധക് എന്ന ചിത്രമാണ് ദിയ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. ഷാരൂഖ് ഖാന്‍ നായകനാവുന്ന ഡങ്കിയാണ് ഇനി പുറത്തുവരാനുള്ളത്. കാഫിര്‍, മൈന്‍ഡ് ദ മല്‍ഹോത്രാസ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ സീരിസുകളിലൂടെ ഓ.ടി.ടിയിലും ദിയാ മിര്‍സ സാന്നിധ്യമറിയിച്ചിട്ടുണ്ട്.