മുംബൈ: എയര്‍ കംപ്രസര്‍ ഹോസ് ഉപയോഗിച്ച് മലദ്വാരത്തിലേക്ക് കാറ്റടിച്ചു കയറ്റിതിനെ തുടര്‍ന്ന് അന്തരിക അവയവങ്ങള്‍ക്കുണ്ടായ പരിക്കുകള്‍ കാരണം 16 വയസുകാരന്‍ മരിച്ചു. പൂനെയിലെ ഹദപ്‌സര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലായിരുന്നു ദാരുണമായ സംഭവം. ഇവിടുത്തെ ജീവനക്കാരിലൊരാള്‍ തമാശയായി ചെയ്ത പ്രവൃത്തിയാണ് ഗുരുതരമായ അപകടത്തില്‍ കലാശിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മോത്തിലാല്‍ ബാബുലാല്‍ സാഹു (16) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ അകന്ന ബന്ധു കൂടിയായ ധീരജ്‌സിങ് ഗോപാല്‍സിങ് ഗൗദിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തി ഭക്ഷ്യ സംസ്‌കരണ യൂണിറ്റില്‍ ജോലി ചെയ്യുന്നയാളാണ്. മലദ്വാരത്തിലേക്ക് പെട്ടെന്ന് വലിയ അളവില്‍ വായുപ്രവാഹം ഉണ്ടായതിനെ തുടര്‍ന്നുണ്ടായ ആന്തരിക പരിക്കുകളാണ് സാഹുവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
മരണപ്പെട്ട കുട്ടിയുടെ അമ്മാവനും ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനി ക്വാര്‍ട്ടേഴ്‌സില്‍ തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നതും. അമ്മാവന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരണപ്പെട്ട കുട്ടിയും അറസ്റ്റിലായ യുവാവും മദ്ധ്യപ്രദേശിലെ ഉമാരിയ സ്വദേശികളാണ്. രണ്ട് മാസം മുമ്പാണ് സാഹു പൂനെയിലേക്ക് വന്ന് അമ്മാവനൊപ്പം താമസിക്കാന്‍ തുടങ്ങിയത്.
കുട്ടി ഭക്ഷ്യ സംസ്‌കരണ യൂണിറ്റില്‍ ജോലി ചെയ്യുന്നില്ലെങ്കിലും അവിടെയുള്ള എല്ലാവരുമായും പരിചയത്തിലായിരുന്നു. മൈദയും മറ്റ് ധാന്യപ്പൊടികളും തയ്യാറാക്കിയിരുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റില്‍ പൊടി നീക്കം ചെയ്യാനും മെഷീനുകള്‍ വൃത്തിയാക്കാനുമാണ് എയര്‍ കംപ്രസര്‍ പമ്പ് സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ധീരജ്‌സിങ് കംപ്രസറിന്റെ ഹോസ് ഉപയോഗിച്ച് ഒരു മെഷീന്‍ വൃത്തിയാക്കുന്നതിനിടെയാണ് കുട്ടി അവിടെയെത്തിയത്.
തമാശ പറയുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്നതിനിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മെഷീനിന്റെ ഹോസ് മലദ്വാരത്തിലേക്ക് വെച്ചുകൊടുത്തു. പെട്ടെന്ന് വായു ശക്തമായി ശരീരത്തിനുള്ളിലേക്ക് കയറിയതോടെ കുട്ടി ബോധരഹിതനായി നിലത്തുവീണു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.