ലഖ്നൗ: സംസ്ഥാനത്തെ മദ്റസകളുടെ വിദേശ ഫണ്ടിങ്ങിനെക്കുറിച്ച് അന്വേഷിക്കാന്‍ യു.പി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ടി.എസ് അഡീഷണല്‍ ഡി.ജി.പി മോഹിത് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചത്.
സംസ്ഥാനത്ത് ഏകദേശം 24,000 മദ്റസകളുണ്ട്. അതില്‍ 16,500ലധികം മദ്റസകള്‍ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്റസ എജ്യുക്കേഷന്റെ അംഗീകാരമുള്ളവയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 80 മദ്റസകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് 100 കോടി രൂപ സംഭാവനയായി സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മോഹിത് അഗര്‍വാള്‍ പറഞ്ഞു. ഈ തുക മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയാണോ ചെലവഴിച്ചതെന്നും മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മദ്റസകളുടെ വിശദാംശങ്ങള്‍ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ അംഗീകാരമില്ലാത്ത മദ്റസകളുടെ സര്‍വേ നടത്താന്‍ കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 8449 മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ലഖിംപൂര്‍ ഖേരി, പിലിഭിത്, ശ്രാവസ്തി, സിദ്ധാര്‍ഥ് നഗര്‍, ബഹ്റൈച്ച് എന്നിവിടങ്ങളില്‍ ആയിരത്തിലധികം മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറച്ച് വര്‍ഷങ്ങളായി ഈ പ്രദേശങ്ങളില്‍ മദ്റസകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായും ന്യൂനപക്ഷവകുപ്പ് അധികൃതര്‍ പറഞ്ഞു.