കോഴിക്കോട്: ഗവ. ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് ചേവായൂട് പൊലീസ് കോസെടുത്തിരിക്കുന്നത്.
ഇവര്‍ക്കെതിരെ വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ശ്യാം, റിത്തിക്ക്, അബിന്‍, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിയിക്കുന്നത്. ഇന്നലെയാണ് ക്ലാസിനിടെ സഞ്ജയ് എന്ന വിദ്യാര്‍ഥിയെ വിളിച്ചിറക്കി എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയലടക്കം പ്രചരിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ വൈകുന്നു എന്ന് കെഎസ്യു ആരോപിച്ചിരുന്നു.
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടും കേസെടുക്കാത്തത് എസ്എഫ്ഐ പ്രവര്‍ത്തകരെ സഹായിക്കാനാണെന്നും കെഎസ്യു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോളജില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കെഎസ്യു. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി കോളജില്‍ നടന്നു വരുന്ന കെഎസ്യു-എസ്എഫ്‌ഐ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് സൂചന.