തിരുവനന്തപുരം: യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം. റുവൈസിനെ തന്റെ പെങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഷഹനയുടെ സഹോദരന്‍ ജാസിം നാസ് പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ പോലും തയ്യാറായതാണ്. എന്നാല്‍ അയാളുടെ കുടുംബക്കാര്‍ ആവശ്യപ്പെട്ട സ്ത്രീധനത്തിനാണ് റുവൈസ് പ്രാധാന്യം നല്‍കിയതെന്നും ജാസിം നാസ് വെളിപ്പെടുത്തി.
വിവാഹം മുടങ്ങിയതിന്റെ മാനസിക വിഷമം മൂലമാണ് ഷഹന അത്മഹത്യ ചെയ്തത്. ഷഹനയെ ഇങ്ങോട്ട് വന്ന് റുവൈസ് വിവാഹം ആലോചിച്ചതാണ്. വിവാഹത്തിന് സമ്മതിച്ച് അത് നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. റുവൈസിന്റെ വീട്ടിലും വിവാഹത്തിന്റെ ഭാഗമായി പോയിരുന്നതാണ്. എന്നാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായതുകൊണ്ട് കല്യാണം നടത്താന്‍ തീരുമാനിച്ചു. റുവൈസിനെ തന്റെ പെങ്ങള്‍ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് ജാസിം പറയുന്നു. പക്ഷെ സ്ത്രീധനത്തിന്റെ പേരില്‍ അവന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ അവള്‍ ഡിപ്രഷനിലായി. അതാണ് ഈ അവസ്ഥയിലെത്തിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങുമെന്ന് കണ്ടതോടെ റുവൈസും പെങ്ങളും തമ്മില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത് നല്‍കാന്‍ വരെ തയ്യാറാണെന്ന് അറിയിച്ചിരുന്നു. പക്ഷെ വിവാഹത്തിന് സ്ത്രീധനം വേണെമന്ന് അവന്‍ നിര്‍ബന്ധിച്ചു. റുവൈസിന്റെ പിതാവാണ് സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടത്. റുവൈസിനെ ഷഹനയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. റുവൈസ് ഇങ്ങോട്ട് വന്ന് ഷഹനയെ വിവാഹം കഴിച്ച് തരുമോയെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഇത്രയും കഴിഞ്ഞ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ അത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് സാധിച്ചില്ല. മാനസികമായി തകര്‍ന്നു.
പറ്റുന്ന തരത്തില്‍ സ്ത്രീധനം നല്‍കാമെന്ന് ഞാന്‍ അവനെ അറിയിച്ചിരുന്നതാണ്. പക്ഷെ ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത തരത്തിലുള്ളതാണ് അവര്‍ ആവശ്യപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ബാപ്പ സമ്മതിക്കുന്നില്ല എന്നാണ് റുവൈസ് ഷഹനയെ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയത്. എനിക്ക് പണമാണ് പ്രധാനം എന്ന് അവന്‍ പറഞ്ഞതോടെ അവള്‍ തകര്‍ന്നുപോയി.
റുവൈസിന്റെ പിതാവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുന്ന ആളാണ്. ഞങ്ങള്‍ക്ക് സാധിക്കുന്ന തുക നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലൊന്നും അയാള്‍ തൃപ്തിപ്പെട്ടില്ല. റുവൈസിനെ പറ്റി അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് ഇതിന് മുമ്പ് വേറെ ബന്ധമുള്ളതായാണ് അറിഞ്ഞത്. ഇതുകൂടെ ആയതോടെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഞാന്‍ അനിയത്തിയോട് ആവശ്യപ്പെട്ടിരുന്നു.
അതെല്ലാം കേട്ടതോടെ ഷഹനയ്ക്ക് ആകെ വല്ലാതായി. വിവാഹം മുടങ്ങിയിട്ട് പിന്നെ ഒരുമിച്ച് ജോലി ചെയ്യേണ്ടി വരുന്നതൊക്കെ സമ്മര്‍ദ്ദമുണ്ടാക്കി. റുവൈസിനെ പറ്റി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞ് കേട്ട അറിവില്‍ നിന്നാണ് അയാളോട് അവള്‍ക്ക് മതിപ്പ് തോന്നിയത്. നല്ലയാളാണ് എന്നാണ് അവള്‍ അറിഞ്ഞത്. അസോസിയേഷന്‍ പ്രസിഡന്റും ആയിരുന്നു. അങ്ങനെ പരിചയപ്പെട്ടാണ് ഇഷ്ടത്തിലായത്. സ്ത്രീധനം വാങ്ങിക്കുന്ന കുടുംബത്തിലേക്ക് വിടാന്‍ എനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ അനിയത്തിയുടെ ആഗ്രഹത്തിന് എതിര് നില്‍ക്കാനും കഴിഞ്ഞില്ല, ജാസിം പറഞ്ഞു.
യുവഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പഞ്ചായത്തംഗം സുധീര്‍ വെഞ്ഞാറമൂടും ആവശ്യപ്പെട്ടു. വീട്ടുകാരുടെ ആരോപണം ശരിവയ്ക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രണയത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ കുട്ടിയെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അപമാനിച്ചുവെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. റുവൈസ് ഡോക്ടര്‍ ഷഹനയുടെ വീട്ടില്‍ വന്ന് വിവാഹം ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷം ഷഹനയുടെ മാതാവും സഹോദരനും റുവൈസിന്റെ വീട്ടില്‍ പോയിരുന്നു. നവംബര്‍ മാസം ആദ്യവാരത്തിലായിരുന്നു അവര്‍ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.