കൊച്ചി: വിവാഹ സത്കാരത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്
2019 മെയ് 5നായിരുന്നു പരാതിക്കാസ്പദമായ സംഭവം. എക്സൈസ് ഉദ്യോഗസ്ഥനായ വി.ഉന്മേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന് വയറുവേദനയും ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും കാരിത്താസ് ഹോസ്പിറ്റലിലുമായി മൂന്ന് ദിവസം ചികിത്സയില്‍ കഴിയേണ്ടി വന്നു.
തുടര്‍ന്നാണ് ഇദ്ദേഹം ഭക്ഷണവിതരണക്കാരായ സെന്റ്.മേരീസ് കാറ്ററിംഗ് സര്‍വീസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. കോട്ടയം, കാരിത്താസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.
കൂടാതെ, വിവാഹത്തില്‍ പങ്കെടുത്ത മറ്റു പത്തോളം പേര്‍ക്കും ഭക്ഷ്യ വിഷബാധ ഏറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി. തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.