തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ. ഇ.എ.റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടര്‍ വന്‍തുക സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടര്‍ന്നാണു കേസ്. ഷഹ്നയുടെ മുറിയില്‍നിന്നു കണ്ടെടുത്ത കുറിപ്പില്‍ സ്ത്രീധന പ്രശ്‌നത്തെക്കുറിച്ച് പരാമര്‍ശമോ ആര്‍ക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാല്‍ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’ ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
റുവൈസുമായുള്ള ഷെഹ്നയുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാര്‍ സമ്മതിച്ചിരുന്നെന്നാണു ഷഹ്നയുടെ ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ വരന്റെ വീട്ടുകാര്‍ വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നും താങ്ങാവുന്നതില്‍ അപ്പുറത്തുള്ള തുകയായിരുന്നതിനാല്‍ വിവാഹം മുടങ്ങിയെന്നും ഇതു ഷഹ്നയെ മാനസികമായി തളര്‍ത്തിയെന്നുമാണു ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും ഡോ. റുവൈസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ സ്ഥാനത്തുനിന്നു കഴിഞ്ഞദിവസം നീക്കിയിരുന്നു. ഷഹ്നയുടെ മരണത്തിനു പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.